ലോകാന്ത്യം ആസന്നമായ്‌

0
336

ലോകത്തിനു ഒരു അന്ത്യമുണ്ടോ? ആ അന്ത്യകാലം ഇപ്പോഴാണോ? അതോ അത് സമീപിച്ചുകൊണ്ടിരിക്കുകയാണോ?

ലോകമെങ്ങും ഒരു പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. പ്രാദേശികമായും സാർവ്വത്രികമായും ഇങ്ങനെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികൾ മനുഷ്യനെ പലതും ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. എന്തുകൊണ്ട് ഇതൊക്കെ സംഭവിക്കുന്നു? കേവലം യാദൃശ്ചികമായി സംഭവിക്കുന്ന ഭൗമിക-ജൈവിക പ്രതിഭാസങ്ങളോ? അതോ മറ്റെന്തെങ്കിലും അർഥം ഇതിനു പിന്നിൽ ഉണ്ടോ?

ദൈവത്തിന്റെ പദ്ധതി – ഭൂമിയുടെ ഭാവി

മനുഷ്യചരിത്രം ഭൂമിയിൽ അനന്തമായി നീളുന്നില്ല. ലോകസിദ്ധാന്തങ്ങൾ ഒന്നും തന്നെ മനുഷ്യ ചരിത്രത്തിന്റെ ഉത്ഭവത്തെയും അവസാനത്തെയും കൃത്യമായി കണക്കുകൂട്ടി പറയുന്നില്ല, എന്നാൽ ദൈവിക വെളിപ്പാടുകളായ ബൈബിൾ ആ വസ്തുതകളിലേക്ക് കൃത്യമായ വെളിച്ചം വീശുന്നുണ്ട്. ഭൂമിയിൽ മനുഷ്യചരിത്രം ഒരു സൃഷ്ടിയോടുകൂടെ ആരംഭിച്ചു. മനുഷ്യനെയും ജീവജാലങ്ങളെയും സൃഷ്ടിച്ച ദൈവം ഭൂമിയെ മനുഷ്യന് നൽകി, നായകനാക്കി, ഭരിക്കാനും പരിപാലിക്കാനും ഏല്പിച്ചു. ആദമിൽ ആരംഭിച്ച ആ ചരിത്രത്തിന്റെ തുടർച്ചയാണ് നാം. ആ തുടർച്ചക്ക് ഒരു അവസാനവും ഉണ്ട്.

ഈ ഭൂമിയിലെ മനുഷ്യ ചരിത്രത്തിന്റെ അവസാനം എങ്ങനെ ആയിരിക്കും എന്ന് ദൈവം വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്നുനാം വസിക്കുന്ന ഈ ഭൂമി ഒരു ദിവസം നശിപ്പിക്കപ്പെടും. നോഹയുടെ കാലത്ത് ജലപ്രളയം ഉണ്ടായപ്പോൾ സംഭവിച്ചതുപോലെ ഭൂമിയും അഭക്തരായ മനുഷ്യരും ന്യായം വിധിക്കപ്പെടും. അഗ്നിയിൽ ഭൂമിയും ആകാശവും വെന്തു മാറ്റപ്പെടും. (പത്രോസിന്റെ രണ്ടാം ലേഖനം മൂന്നാം അധ്യായത്തിലാണ് ഈ വിശദീകരണങ്ങൾ ഉള്ളത്.) ഇതിനു കാരണം എന്താണ്?

ആദ്യമനുഷ്യന്റെ പാപം നിമിത്തം ദൈവിക അധികാരത്തിനും സംരക്ഷണത്തിനും പുറത്തായ മനുഷ്യസമൂഹം പിശാചിന്റെ പദ്ധതികൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്ന ഉപകരണമായി. ഈ ഭൂമിയും അതുമൂലം ശാപമേറ്റുവാങ്ങി. അതിൽനിന്നും വീണ്ടെടുക്കുവാനുള്ള ദൈവത്തിന്റെ ശ്രമങ്ങളും ആരംഭിച്ചു. മനുഷ്യനുമായി ഇടപെടുവാൻ ആഗ്രഹിച്ചു, അബ്രഹാമിനെ വിളിച്ചു, വാഗ്ദത്തങ്ങൾ നൽകി, പ്രമാണങ്ങൾ നൽകി, യിസ്രായേൽ ജനതയെ വേർതിരിച്ചു, ദൈവിക സത്യങ്ങൾ പഠിപ്പിച്ചു, അവരിലൂടെ രക്ഷകനെ നൽകി, സർവലോകത്തിനും രക്ഷനേടുവാൻ അവസരം ഒരുക്കി, അങ്ങനെ പാപത്തിന്റെ ശിക്ഷയിൽ നിന്നും നിത്യമായ നരകത്തിൽ നിന്നും മനുഷ്യനെ വീണ്ടെടുത്തു, അങ്ങനെ വീണ്ടെടുക്കപ്പെട്ടവർക്കായി പുതിയ ആകാശഭൂമികളും ദൈവം ഒരുക്കുന്നു.

കാലങ്ങളെ വിഭജിക്കുന്ന ദൈവം

തന്റെ സ്വന്തം ചേതനയോടും ഗുണഗണങ്ങളോടും കൂടെ ദൈവും സൃഷ്ടിച്ച മനുഷ്യനുമായി എല്ലാക്കാലത്തും ദൈവം ഇടപെടുന്നുണ്ട്. ദൈവവും മനുഷ്യനും തമ്മിലുള്ള ഇടപെടലുകൾ ഓരോ കാലഘട്ടത്തിലും വ്യത്യസ്തരീതിയിലുമാണ്. മനഃസാക്ഷിയിൽ എഴുതപ്പെട്ട ധാർമ്മിക പ്രമാണങ്ങളുടെ
അടിസ്ഥാനത്തിൽ മനുഷ്യരോട് ഇടപെട്ടിരുന്ന കാലം, കല്പലകയിൽ കുറിച്ചുകൊടുത്ത കല്പനകളുടെയും പ്രമാണങ്ങളുടെയും അടിസ്ഥാനത്തിൽ ഇടപെട്ടിരുന്ന കാലം, യാഗങ്ങളും അനുഷ്ഠാനങ്ങളും നിലനിന്നിരുന്ന കാലം, പ്രവാചകന്മാരിലൂടെ അരുളപ്പാടുകൾ നൽകി നയിച്ചിരുന്ന കാലം, ദൈവം തന്നെ മനുഷ്യനായി വന്നു മനുഷ്യരോട് സഹവസിച്ചിരുന്ന കാലം, അപ്പോസ്തലന്മാരിലൂടെ അത്ഭുതങ്ങളും വീര്യപ്രവർത്തികളും ചെയ്തുകൊണ്ട് പ്രവർത്തിച്ച കാലം, യഹൂദരെ മാത്രമല്ലാതെ സകല ജാതികളോടും ദൈവം കരുണകാണിക്കുന്ന രക്ഷയുടെ കാലം, യഹൂദന്മാരോട് പ്രത്യേകമായി ഇടപെടുന്ന മഹാപീഡന കാലം, സകലലോകവും യേശുക്രിസ്തുവിന്റെ ഭരണത്തിൻകീഴിൽ വരുന്ന സഹസ്രാബ്ദവാഴ്ചക്കാലം എന്നിങ്ങനെ ദൈവിക ഇടപാടുകളുടെ വിവിധ കാലഘട്ടങ്ങൾ വ്യക്തമായി ബൈബിളിൽ കാണുന്നു.

യേശുക്രിസ്തുമുഖാന്തരം വിശ്വസിക്കുന്ന എല്ലാവർക്കും ജാതിമതവർഗഭേദമെന്യേ ദൈവം രക്ഷ നൽകുന്ന ഈ കാലഘട്ടം കൃപയുടെ കാലഘട്ടമാണ്. കൃപായുഗം എന്നും സഭായുഗം എന്നും അറിയപ്പെടുന്ന ഈ കാലയളവിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. തുടർന്ന് വരുന്നത് ദൈവം യഹൂദന്മാരോട് പ്രത്യേകമായി ഇടപെടുന്ന ഒരു കാലഘട്ടമാണ്. അവരുടെ സ്ഥിരീകരണത്തിനും അംഗീകരണത്തിനും കാരണമാകുന്ന നിരവധി സംഭവങ്ങൾ അരങ്ങേറുന്ന മഹാപീഡന കാലം എന്നറിയപ്പെടുന്ന 7 വർഷങ്ങൾ എതിർക്രിസ്തു അഥവാ അന്തിക്രിസ്തു ഈ ഭൂമിയിൽ ഭരിക്കുകയും ചെയ്യും. അതിനു ശേഷമാണു കർത്താവായ യേശുവിന്റെ ഭരണകാലം. അത് ആയിരം വർഷങ്ങൾ നീണ്ടു നിൽക്കുകയും അതിനുശേഷം ഈ ഭൂമിയിലെ പ്രവർത്തനങ്ങൾ അവസാനിക്കുകയും പുതിയ ആകാശവും ഭൂമിയും സൃഷ്ടിക്കപ്പെടുകയും ചെയ്യും.

അന്ത്യകാലം

അന്ത്യകാലം കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയുമായി ബന്ധപ്പെട്ടുള്ള ഒരു കാലഘട്ടം ആണ്. കർത്താവിന്റെ വരവിന്റെ വാഗ്ദത്തത്തെ അവിശ്വസിക്കുന്ന പരിഹാസികൾ അന്ത്യകാലത്ത് ഉണ്ടാകും എന്ന് ദൈവാത്മാവ് പറഞ്ഞിരിക്കുന്നു. കർത്താവിന്റെ പ്രത്യക്ഷതയ്ക്കും അനുബന്ധ സംഭവങ്ങൾക്കും ദൈവം നിശ്ചയിച്ച സമയം ഉണ്ട്. അതുകൊണ്ടു അതിന്റെ സമയ കൃത്യത നമ്മുടെ വിഷയം ആയിരിക്കുന്നില്ല. എന്നാൽ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് പ്രാധാന്യമുള്ള നാളുകളാണ്.

എതിർക്രിസ്തുവിന്റെ ഭരണകാലത്തെക്കുറിച്ചും അന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്ന ജനതക്കും യഹൂദന്മാർക്കും സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചും നിരവധി പ്രവചന പ്രസ്താവനകൾ ഉണ്ട്. അതൊരു പൈശാചിക ഭരണം ആയിരിക്കുമെന്നും പിശാചിന്റെ പ്രവർത്തന പദ്ധതിയിലെ ഒരു പ്രത്യേക കാലഘട്ടം തന്നെ ആയിരിക്കും എന്നും ബൈബിൾ പ്രവചിച്ചിരുന്നു. അവയുടെ നിവൃത്തിക്കായുള്ള ഒരുക്കങ്ങൾ പലതും കണ്മുൻപിൽ കാണുന്നത് സഭാകാലഘട്ടത്തിൽ ജീവിക്കുന്ന നമ്മളെ സംബന്ധിച്ചിടത്തോളം അവസാനനാളുകളുടെ സൂചനയാണ്.

പൈശാചിക സംഘടനകളുടെയും ആരാധനയുടെയും ആശയങ്ങളുടെയും വർദ്ധിച്ചു വരുന്ന സ്വാധീനം നമ്മുടെ നാട്ടിൽ പോലും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ലോക ഭരണത്തിൽ അവർക്കുള്ള സ്വാധീനം, നായക പരിവേഷത്തിലെത്തുന്ന ലൂസിഫർ, അദൃശ്യനായി ജനങ്ങളെ നിയന്ത്രിക്കുന്ന ഒരു  ബിഗ് ബോസ്, സാത്താന്യ അടയാളമായ 666 തുടങ്ങിയ ആശയങ്ങൾ വ്യാപകമായിത്തന്നെ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്നു. ലോകം മൊത്തം ഒരു ഭരണ നേതൃത്വത്തിന്റെ കുടക്കീഴിൽ കൊണ്ടുവരുന്ന ന്യൂ വേൾഡ് ഓർഡർ (ഏകലോക ഗവണ്മെന്റ്, ഏകലോക നാണയ വ്യവസ്ഥിതി, ഏകലോക മതം) സ്ഥാപിക്കപ്പെടുവാനുള്ള ക്രമീകരണങ്ങൾ വളരെ കൃത്യമായി നടന്നുകൊണ്ടിരിക്കുന്നു. വാർത്തകളും ലോകസംഭവങ്ങളും ശ്രദ്ധിക്കുന്ന ഏതൊരാൾക്കും ഈ ചലനങ്ങൾ ഗ്രഹിക്കാം. ഇവയെല്ലാം ബൈബിൾ പറഞ്ഞിരിക്കുന്നതു പോലെ തന്നെയാണ് ഒരുക്കപ്പെടുന്നത്.

അന്തിക്രിസ്തുവിന്റെ ഭരണത്തിനായും ന്യായവിധിക്കായും ഈ ലോകം ഒരുക്കപ്പെടുമ്പോൾ കർത്താവിന്റെ വരവിനായും പുതിയ ആകാശഭൂമികൾക്കായും ഒരുക്കപ്പെടുകയാണ് അവിടുത്തെ ജനം. യേശുക്രിസ്തുവിന്റെ മരണത്താൽ ഒരുക്കപ്പെട്ട പാപമോചനവും രക്ഷയും വിശ്വാസം മൂലം അംഗീകരിച്ചു യേശുവിനെ കർത്താവായ സ്വീകരിച്ചവർക്ക് മാത്രം ലഭിക്കപ്പെടുന്ന നിത്യജീവനും അനന്തര ഫലങ്ങളും അനന്തമായ കാലം നീണ്ടു നിൽക്കുന്നു. അതേ സമയം ക്രിസ്തുവിനെ നിരാകരിക്കുന്നവർക്ക് ശിക്ഷാവിധിയും ന്യായവിധിയും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. അത് നിത്യമാണ്, മോചനം ഇല്ലാത്ത വേദനയുടെയും തിരസ്കരണത്തിന്റെയും തടവറയാണ്. പാപങ്ങൾക്ക് മോചനം ലഭിക്കേണ്ടതിനും ദൈവമക്കൾ ആകേണ്ടതിനും മനസാന്തരപ്പെടുക, യേശുക്രിസ്തുവിനെ സ്വീകരിക്കുക, അതിനുള്ള അവസരമാണ് ഈ കൃപയുടെ കാലഘട്ടം! രക്ഷ ഇപ്പോൾ സൗജന്യമാണ്, എല്ലാവർക്കും ലഭ്യവുമാണ്.. ഓരോരുത്തരുടെയും തീരുമാനം, അതാണ് വ്യത്യസ്തമായ യുഗപര്യവസാനങ്ങളിലേക്ക് അവരെ നയിക്കുന്നത്..

ഈ ആശയം വ്യക്തമാക്കുന്ന ഗാനം കേൾക്കാം.

ലോകാന്ത്യം ആസന്നമായ്
ഈ യുഗം കഴിയാറായ്
രക്ഷയിന്‍ വാതില്‍ പൂട്ടാറായ്
യേശു വിളിച്ചിടുന്നു നിന്നെ

കൃപായുഗം ഇത് കൃപായുഗം

പാപത്തിന്നാഴത്തില്‍ വലയുവോരേ
ശാപത്തിന്‍ ഭാരത്താല്‍ തളര്‍ന്നോരേ
രക്ഷകനിന്ന് വിളിച്ചിടുന്നു
കൃപയിന്‍ കാലം മറന്നിടല്ലേ

സൂര്യചന്ദ്രാദികള്‍ ഇരുണ്ടുപോകും
അന്ധകാരം ഭൂവില്‍ വ്യാപരിക്കും
രക്ഷകന്‍ നിന്നെ വിളിച്ചിടുന്നു
കൃപയിന്‍ കാലം മറന്നിടല്ലേ

ഘോരമായുള്ളൊരു നാള്‍ വരുന്നു
ഭൂമിയിലാരെതിര്‍ നിന്നീടും
ക്രോധത്തീയില്‍ വീഴാതെ
ഈ രക്ഷ നീയിന്നു നേടിടുക

രചന: വി. ജെ. മാത്യു, മരുത.

LEAVE A REPLY

Please enter your comment!
Please enter your name here