ജീസസ് ഫിലിമിന് 40 വയസ്

0
901

കർത്താവായ യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ചലചിത്രങ്ങളിൽ ശ്രദ്ധേയമായ “ജീസസ്” ഫിലിമിന് 40 വയസു തികഞ്ഞു. ബൈബിളിലെ പുതിയനിയമത്തിലെ ലൂക്കോസ് എഴുതിയ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള സംഭവങ്ങൾ ദൃശ്യാനുഭവത്തിൽ കൊണ്ടുവരുന്നതായിരുന്നു തിരക്കഥ. 1978 ൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന് 1979 ഒക്ടോബർ 19 നായിരുന്നു ആദ്യ പ്രദർശനം.

ഇംഗ്ലീഷിൽ ചിത്രീകരിച്ച ഈ ചലച്ചിത്രം 1759 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ള ചലച്ചിത്രം എന്ന റെക്കോഡ് ജീസസ് ഫിലിമിനാണ്. ലോകത്ത് ഏറ്റവും അധികം ആളുകൾ കണ്ടിട്ടുള്ള ചലച്ചിത്രവും ഇതുതന്നെ ആയിരിക്കും. മുപ്പത്തിയേഴര കോടി തവണയാണ് ജീസസ് ഫിലിം പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ളത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

യേശുവിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത ജനലക്ഷങ്ങൾക്ക് അവിടുത്തെ ജീവിതം കണ്ടറിയാനായി. അച്ചടി സാഹിത്യം ലഭ്യമല്ലാത്ത നിരവധി ഭാഷകകൾ സംസാരിക്കുന്ന ജനങ്ങളുടെ ഹൃദയങ്ങളിൽ യേശുവിന്റെ ജീവിത സന്ദേശം അലയടിച്ചു. ടെലിവിഷൻ ചാനലുകളിലൂടെയും ഇന്റർനെറ്റിലൂടെയും ഇന്നും യേശുവിന്റെ ചരിത്രം അനേകരിലേക്കെത്തുന്നു. ആശയ സംവേദനത്തിനു ദൃശ്യമാധ്യമങ്ങൾക്ക് ഉള്ള പങ്കിനെ തിരിച്ചറിഞ്ഞ് അതിനെ ദൈവിക സന്ദേശ പ്രചാരണത്തിനായി ഉപയോഗിക്കുന്നതിൽ ഉദാത്തമായ മാതൃകയാണ് ജീസസ് ഫിലിം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

1981 ൽ സ്ഥാപിതമായ ജീസസ് ഫിലിം പ്രൊജക്ട് എന്ന സംഘടനയാണ് ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് എന്ന സുവിശേഷ സംഘടനയും അതിനു പിൻബലം നൽകുന്നു. കൂടുതൽ വിവരങ്ങൾക്കായി ജീസസ് ഫിലിം പ്രോജക്ടിന്റെ ഫേസ്ബുക് പേജ് അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കാം.


ജീസസ് ഫിലിം മലയാളത്തിൽ കാണാം


ജീസസ് ഫിലിം പ്രോജക്ടിന്റെ മൊബൈൽ ആപ് ഡൌൺലോഡ് ചെയ്യുന്നതിനായി ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here