മന്നില്‍ വന്ന മഹോന്നതന്‍

0
124

ലോകമെങ്ങും ക്രിസ്മസിന്റെ അവസാന സന്തോഷവും നുകരുന്ന തിരക്കിലാണ്.. ഇന്നത്തോടെ തീരുന്നു ഈ സീസണിലെ ഉന്മാദത്തിമിര്‍പ്പുകള്‍.. ഇനി അടുത്ത വര്‍ഷത്തെ ഡിസംബര്‍ വരെ കാത്തിരിക്കണം മറ്റൊരു ക്രിസ്മസിന്.. ഏതായാലും ആഘോഷത്തിന്റെ ചെപ്പുകള്‍ അല്പ സമയത്തിന് ശേഷം പൂട്ടിക്കെട്ടുവാന്‍ പോകുകയാണ്.. അതിനു മുന്‍പ്, ക്രിസ്മസ് നമ്മെ ഓര്‍പ്പിക്കുന്ന അതി പ്രധാന ചില വസ്തുതകളിലേക്കും, അതിന്റെ ഉത്തരത്തിലേക്കും ഒന്നെത്തിനോക്കുവാന്‍ ഈ ദിവസം ഒരല്പ സമയം മാറ്റിവയ്ക്കുമോ?

ബെത്ലഹെമിലെ കാലിത്തൊഴുത്തിലെ ദിവ്യജനനം മുതല്‍ കാല്‍വരി ക്രൂശിലെ അതിഭയങ്കര മരണം വരെയും സമാനതകളില്ലാത്ത വ്യക്തിയായിരുന്നു യേശു ക്രിസ്തു. താന്‍ ജനിച്ചത്‌ പോലെയോ ജീവിച്ചത് പോലെയോ മരിച്ചത് പോലെയോ ലോകത്തില്‍ ഇന്ന് വരെ മറ്റൊരു മനുഷ്യനും ഉണ്ടായിട്ടില്ല.

അവിടുന്ന് ഈ രീതിയില്‍ മനുഷ്യനായി വന്നത് നമ്മുടെ ഓരോരുത്തരുടെയും പാപം കാരണമാണ്. ജനിക്കുമ്പോള്‍ ത്തന്നെ പാപിയായ മനുഷ്യന് അതിന്റെ അനന്തര ഫലമായ മരണവും പിന്നീടു ന്യായവിധിയും നരകം എന്ന നിത്യശിക്ഷയും ഉണ്ടെന്നു ദൈവ വചനം പഠിപ്പിക്കുന്നു. ഇതിനൊരു പരിഹാരം കാണുവാന്‍ മനുഷ്യരില്‍ നിന്ന് ജനിച്ച ഏതു വ്യക്തിക്കും കഴിയുകയില്ല. അതുകൊണ്ടാണ്, പാപമില്ലാത്ത ഒരു ശരീരം സ്വീകരിച്ചു ദൈവം മനുഷ്യനായി വന്നതും നമ്മുടെ പാപങ്ങള്‍ ഏറ്റെടുത്തു കുരിശില്‍ മരിച്ചതും.

മരണം വരെ മാത്രമല്ല, അതിനു ശേഷവും അവിടുത്തെ ചരിത്രം തുടരുന്നു. കല്ലറയില്‍ നിന്ന് സ്വയം ഉയിര്‍ത്തെഴുന്നേറ്റ് സകല ലോകത്തിന്റെയും എന്നേയ്ക്കുമുള്ള അധികാരിയായി – കര്‍ത്താവായി – ഇപ്പോഴും സ്വര്‍ഗത്തില്‍ ജീവിക്കുന്ന നിസ്തുല്യനായ സാക്ഷാല്‍ ദൈവമാണ് യേശു ക്രിസ്തു. കര്‍ത്താവായ ക്രിസ്തുവിന്റെ ഈ ദിവ്യമായ മഹത്വവും സ്ഥാനവും മനസിലാക്കി അംഗീകരിക്കുക എന്നുള്ളതാണ് ഇന്ന് മനുഷ്യരായ ഒരു വ്യക്തികളുടെയും ഉത്തരവാദിത്തം. അതായതു, നിങ്ങളുടെ ജീവിതത്തിന്റെ നാഥനായി, അധികാരമുള്ള വ്യക്തിയായി കര്‍ത്താവായ ക്രിസ്തുവിനെ അംഗീകരിക്കുക.

ദൈവപുത്രന്റെ ഓര്‍മകള്‍ മനസ്സില്‍ നിന്നും കൊടിയിറങ്ങുന്നതിനു മുന്‍പേ, അവിടുത്തെ കര്‍ത്താവായി ഉല്‍ത്തടത്തില്‍ വാഴിക്കുവാന്‍ നിങ്ങള്‍ക്കാവുന്നുവെങ്കില്‍, ഇനിയൊരു ആഘോഷത്തിനു അടുത്ത ക്രിസ്മസ് സീസന്‍ വരെ കാത്തിരിക്കേണ്ടി വരില്ല..

ഇന്ന് നിങ്ങളുടെ പാപങ്ങള്‍ ഏറ്റു പറഞ്ഞു ഈ യേശുവിനെ നിങ്ങളുടെ കര്‍ത്താവായി സ്വീകരിക്കുമങ്കില്‍ അങ്ങനെയുള്ളവരുടെ ഹൃദയങ്ങളില്‍ ജനിക്കുവാന്‍ ദൈവം കാത്തിരിക്കുന്നു.. ഒരു കൈക്കുഞ്ഞായല്ല, ജീവിതത്തിന്റെ സമ്പൂര്‍ണ അധികാരിയായ ദൈവമായി… മരിച്ചാലും അവസാനിക്കാത്ത അനന്ത ജീവന്റെ ജന്മം സൌജന്യമായി നല്‍കുവാന്‍ ദൈവം ഇനിയും കൊതിക്കുന്നു…

പുല്‍ത്തൊഴുത്തും മരക്കുരിശും സ്വീകരിക്കുവാന്‍ അവിടുന്ന് മടികാണിച്ചില്ല.. എത്ര പാപം ചെയ്ത കഠിനഹൃദയവും അവിടുത്തേക്കൊരു അയോഗ്യതയല്ല.. മനസിന്റെ കവാടം നിങ്ങള്‍ തുറന്നു കൊടുക്കുമെങ്കില്‍.. എങ്കിലൊരു പുതു ജനനത്തിന്റെ ദിവസം ഇന്നായിരിക്കട്ടെ.. മുഴുവനായി പുതുക്കപ്പെട്ട ഉള്ളില്‍ നിന്നും പുതിയൊരു ക്രിസ്മസ് ഗാനം ഒഴുകട്ടെ…! അങ്ങനെയെങ്കില്‍, ഒരു യഥാര്‍ത്ഥ ക്രിസ്തു ജനനത്തിന്റെ ചേതനയുള്‍ക്കൊണ്ടു കൊണ്ട് ഈ മനോഹര ഗാനം ഏറ്റു പാടാന്‍ നിങ്ങള്‍ക്കു കഴിയും… സര്‍വശക്തനായ ദൈവം സഹായിക്കട്ടെ..!

മഹോന്നതനേശുവെ നിസ്തുലനാം നാഥനെ
സ്തുതിച്ചു സ്തുതിച്ചു പാടാം
ആരാലും അവര്‍ണ്യമാം അതിശയനാമത്തെ
വന്ദിച്ചു വന്ദിച്ചു വാഴ്ത്താം

കന്യകയില്‍ ജാതനായ്‌ മണ്ണില്‍ വന്ന നാഥനെ
സ്തുതിച്ചു സ്തുതിച്ചു പാടാം
കാലത്തില്‍ അതുല്യനായ്‌ അവതാരം ചെയ്തോനെ
വന്ദിച്ചു വന്ദിച്ചു വാഴ്ത്താം

മൂന്നാം നാളില്‍ കല്ലറ തകര്‍ത്തുയിര്‍ത്തേശുവേ
സ്തുതിച്ചു സ്തുതിച്ചു പാടാം
പാപത്തിന്റെ ശമ്പളമാം മരണത്തെ ജയിച്ചോനെ
വന്ദിച്ചു വന്ദിച്ചു വാഴ്ത്താം

ഗാനരചന: ഫിലിപ്പ് കെ. ആണ്ട്രൂസ്

LEAVE A REPLY

Please enter your comment!
Please enter your name here