അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഘർഷാവസ്ഥ മൂലം ലോകശ്രദ്ധയാകർഷിച്ച ഒരു സ്ഥലമാണ് ജെറുസലേം. വിവിധ മതസ്ഥരുടെ ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്ന റ്റെമ്പിൽ മൗണ്ട് എന്ന ചെറിയ പ്രദേശം ഇതിൽ ഏറെ ശ്രദ്ധയാകർഷിക്കുന്നു. യഹൂദ ജനവിഭാഗത്തിന്റെ ആരാധനാലയമായിരുന്ന ദൈവാലയം നിലനിന്നിരുന്ന പ്രദേശം സഞ്ചാരികളുടെ തിരക്കേറിയ സന്ദർശനകേന്ദ്രമാണ്. എന്നെങ്കിലും ഒരിക്കൽ തങ്ങളുടെ ദേവാലയം അവിടെ പുനഃസ്ഥാപിക്കാനുള്ള പ്രതീക്ഷയിലും തയാറെടുപ്പിലുമാണ് യഹൂദന്മാർ.
മരുഭൂമിയിൽ സഞ്ചാരികളായിരുന്ന യഹൂദന്മാരുടെ പൂർവ്വികർക്ക് യഹോവയായ ദൈവത്തെ ആരാധിക്കുന്നതിന് ഒരുക്കപ്പെട്ട സംവിധാനമായിരുന്നു സമാഗമന കൂടാരം. ദൈവത്തിന്റെ സ്ഥിരമായ ആവാസ സാന്നിധ്യവും ഇടപെടലുകളും സജീവമായി അവിടെ നിലനിന്നിരുന്നു. പിന്നീട് കനാൻ പ്രദേശത്തു എത്തിയ അവർ യെരുശലേം തലസ്ഥാനമാക്കുകയും സ്ഥിരമായ ഒരു ദൈവാലയം അവിടെ പണികഴിപ്പിക്കുകയും ചെയ്തു. ദാവീദ് രാജാവിന്റെ പിന്തുടർച്ചക്കാരനായ അദ്ദേഹത്തിന്റെ മകൻ സോളമൻ ആദ്യത്തെ ദേവാലയം പണിതു. പലപ്പോഴായി ഉണ്ടായിട്ടുള്ള യുദ്ധങ്ങളും പ്രവാസങ്ങളും യെരുശലേമിന്റെയും ദേവാലയത്തിന്റെയും നാശത്തിനു കാരണമായി എങ്കിലും പുനർനിർമ്മാണത്തിനും പുതുക്കലുകൾക്കും അത് വിധേയമായി. അങ്ങനെ അവിടെത്തന്നെ രണ്ടു ദേവാലയങ്ങൾ പണിയപ്പെട്ടിരുന്നു.
ഇന്ന് യഹൂദന് അവിടെ ദേവാലയമില്ല. എന്നാൽ മൂന്നാമതൊരു ദേവാലയത്തിന് അവർ തീവ്രമായി ആഗ്രഹിക്കുന്നു. അത് ടെമ്പിൾ മൗണ്ടിൽ തന്നെ ആയിരിക്കണം എന്നും അവരുടെ വിശുദ്ധ പ്രമാണങ്ങൾ അനുസരിച്ചുള്ളത് ആയിരിക്കണം എന്നും ആഗ്രഹിക്കുന്നു. പക്ഷേ അതെങ്ങനെ സാധിക്കും? കുഴക്കുന്ന ചോദ്യമെങ്കിലും അതിനായി ഒരുക്കങ്ങൾ അതിവേഗം നടന്നുകൊണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാം.
ബൈബിൾ പ്രഭാഷകനായ ശ്രീ. ജോൺ പി തോമസ് എറണാകുളം യെരുശലേം സന്ദർശനവേളയിൽ ചെയ്ത ഒരു സന്ദേശം.