ചരിത്രത്തിൽ മനുഷ്യൻ നേരിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് മരണം. നാമെല്ലാവരും തന്നെ മരണം എന്ന കവാടത്തെ സമീപിച്ചുകൊണ്ടിരിക്കുന്നു. ആ കാര്യത്തിൽ ആരും തമ്മിൽ വ്യത്യാസമില്ല.
നിയമങ്ങൾക്കനുസരിച്ചു മാത്രം മുന്നോട്ടു പോകുന്നതാണ് പ്രപഞ്ചവും അതിലെ ചരാചരങ്ങളും. മനുഷ്യനും അതിൽ വ്യത്യസ്തനല്ല. ഭൗതിക പ്രപഞ്ചത്തിൽ ജീവിക്കുന്നിടത്തോളം പ്രപഞ്ച നിയമങ്ങളെ അവഗണിച്ചു മുന്നോട്ടു പോകുക സാധ്യമല്ല. സാമൂഹിക ജീവിയായി തുടരുന്നിടത്തോളം ധാർമ്മിക നിയമങ്ങളും രാഷ്ട്രനിയമങ്ങളും പാലിക്കാൻ ബാധ്യസ്ഥനാണ്. അതുപോലെ തന്നെ ദൈവിക നിയമങ്ങളും ആത്മജീവിയായ മനുഷ്യന് ബാധകമാണ്. അതേക്കുറിച്ചു ബോധവാനല്ലെങ്കിൽ കൂടി. അതിനെ മറികടക്കുവാൻ മനുഷ്യന് സാധ്യമല്ല. അതിനു ഉദാഹരണമാണ് മരണം.
പ്രകൃതിയുടെ ഒരു പ്രതിഭാസം എന്നതിനേക്കാൾ ദൈവത്തിന്റെ നിയമനമായിട്ടാണ് ബൈബിൾ മരണത്തെ പരിചയപ്പെടുത്തുന്നത്. ഏത് മനുഷ്യനും മരണത്തിനായി നിയമിക്കപ്പെട്ടിരിക്കുന്നു. തുടർന്ന് ന്യായവിധിക്കായും. മാറ്റമില്ലാത്ത ദൈവിക നിയമനങ്ങൾ. “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കും നിയമിച്ചിരിക്കയാൽ..” (എബ്രായർ 9:27)
മരണത്തിനപ്പുറം ജീവിതമുണ്ടോ എന്ന് എക്കാലത്തെയും മനുഷ്യർ അന്വേഷിച്ചുകൊണ്ടാണിരിക്കുന്നത്. മരണത്തിനപ്പുറമുള്ള അഭൗമ ലോകത്തിന്റെ കിരണങ്ങൾ ആസ്വദിച്ചിട്ടുള്ളവരുടെ അനുഭവങ്ങളും പഠനവിധേയമാക്കിക്കൊണ്ടിരിക്കുന്നു. മരണത്തെ മനുഷ്യർക്കായി നിയമിച്ച ദൈവത്തിന്റെ വചനം മരണത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ച് എന്ത് പറയുന്നു എന്ന് വിശദമായി പഠിക്കുവാൻ നിങ്ങൾക്കും ഒരവസരമാണ് ഇവിടെ. ബൈബിൾ പ്രഭാഷകനായ ജോൺ പി തോമസ് എറണാകുളം നയിക്കുന്ന പഠന പരമ്പര ഇതോടൊപ്പം ആരംഭിക്കുന്നു.