Who is the GOAT in Football? (Malayalam)

0
198

ഗോൾ…..

ആവേശം അലയടിക്കുന്ന ആർപ്പുവിളികളുമായി കായിക പ്രേമികൾ വരവേറ്റ ഫുട്ബോൾ ലോകമാമാങ്കം പടിയിറങ്ങുന്നു. ജാതിമതവർണ്ണഭേദങ്ങൾക്കതീതമായി ലോകമെങ്ങും ഒരേ സ്വരം.. ഒരേ വികാരം.. ഇത്രയും ഉച്ചത്തിൽ മുഴങ്ങുന്ന മനോഹരമായ മറ്റൊരു ഗെയിം ഉണ്ടാവില്ല..

(Click on the image to download PDF)

താരങ്ങളുടെ രാജാവ് ആരാണെന്ന തർക്കവും അവകാശ വാദങ്ങളുമായി തമ്മിലടിക്കുന്ന ഫാൻസ്‌ ഗ്രൂപ്പുകൾ കളിക്കളത്തിലെ ആവേശത്തിന്റെ മറ്റൊരു മുഖമാണ്. ഇതുവരെയുള്ള ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യവും ഫാൻസുകൾ ഉയർത്തുന്നു. തൊണ്ണൂറുകളിൽ പെലെയും മറഡോണയുമായിരുന്നെങ്കിൽ മെസിയും റൊണാൾഡോയും അടങ്ങുന്ന താരനിരയാണ് ഇന്നത്തെ യുവാക്കൾക്ക് പ്രിയം. ഇതിലാരാണ് കേമൻ എന്നൊരു അന്തിമതീരുമാനം ആർക്കുമാവില്ലല്ലോ.

കളിയും ജീവിതവും

അല്പനേരത്തെ ആസ്വാദനത്തിനു വേണ്ടിയാണെങ്കിൽ പോലും നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചുമാത്രമാണ് ഓരോ കളിയും മുന്നേറുന്നത്. നിശ്ചയിക്കപ്പെട്ട അതിർവരമ്പുകൾക്ക് അകത്ത് അനുവദിക്കപ്പെട്ട രീതിയിൽ മാത്രമേ ഓരോ കളിക്കാരനും പെരുമാറാൻ പാടുള്ളൂ. അല്ലെങ്കിൽ അത് നിയമവിരുദ്ധമായി (ഫൗൾ) പരിഗണിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും. ശിക്ഷയുടെ കാഠിന്യം ചുവപ്പ് കാർഡായോ മഞ്ഞ കാർഡായോ പരിണമിക്കുന്നു. നിയമത്തിനു മുൻപിൽ എല്ലാവരും തുല്യരാണ്. സമയബന്ധിതമായും നിയമാനുസൃതമായും കളിയുടെ അമരക്കാരനായ റഫറി കളി നിയന്ത്രിക്കുന്നു. ഓരോരുത്തരും അവരുടെ റോളുകൾ കൃത്യമായും ഭംഗിയായും നിറവേറ്റുമ്പോൾ കളി അതിമനോഹരമായ ഒരു അനുഭവമായി മാറുന്നു.

സൃഷ്ടാവും നിയമദാതാവുമായ ദൈവം പ്രകൃതിയെയും ജീവജാലങ്ങളെയും മനുഷ്യരെയും നിയമങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്ന പ്രപഞ്ച സംവിധാനത്തിന്റെ ഭാഗമായി സൃഷ്ടിച്ചു. എങ്കിലും സ്വതന്ത്രമായ തന്റെ ഇച്ഛാശക്തി ദുരുപയോഗം ചെയ്ത മനുഷ്യൻ ദൈവത്തിന്റെ അതിരുകൾ മറികടന്നു ഫൗൾ കാണിച്ചു. ജീവിതത്തിൽ എന്നേക്കും ശിക്ഷിക്കപ്പെട്ടു. മരണം ആയിരുന്നു ആ ശിക്ഷ. ഇന്ന് എല്ലാ മനുഷ്യരും മരിക്കുന്നതിന്റെ കാരണവും അത് തന്നെ. ജീവിതത്തിന്റെ സകല രസവും കെടുത്തുകയാണ് മരണം എന്ന റെഡ് കാർഡ്. അങ്ങനെ നിരാശരായി ജീവിതത്തിന്റെ കളത്തിൽ നിന്നും മടങ്ങേണ്ടി വന്ന മനുഷ്യനെ വിജയപീഠത്തിലേക്ക് ആനയിക്കാൻ സാക്ഷാൽ ദൈവം തന്നെ ഭൂമിയിൽ വന്നു – ഒരു മനുഷ്യനായി.. അതാണ് യേശുക്രിസ്തു.

യേശുക്രിസ്തുവിന്റെ ജനനവും ജീവിതവും മരണവും ഉയിർപ്പും എല്ലാം മനുഷ്യന്റെ പാപപരിഹാരത്തിന് വേണ്ടിയായിരുന്നു. ദൈവിക നിയമത്തിനു മുൻപിൽ ശിക്ഷാർഹരായ മനുഷ്യന്റെ പാപം യേശുക്രിസ്തു ഏറ്റെടുത്തു, നമുക്ക് പകരം മരിച്ചു, അടക്കപ്പെട്ടു, ഉയിർത്തെഴുന്നേറ്റു, സ്വർഗത്തിലേക്ക് ഉയർത്തപ്പെട്ടു. പാപങ്ങൾ വിട്ടു മാനസാന്തരപ്പെടുകയും യേശുക്രിസ്തുവിനെ കർത്താവായി അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തി രക്ഷിക്കപ്പെടും നിത്യജീവൻ പ്രാപിക്കുകയും ചെയ്യും. വിശ്വാസം ഉണ്ടെങ്കിൽ നിങ്ങൾക്കും ഈ കർത്താവിനെ സ്വീകരിക്കാം. ഹൃദയംഗമായ ലളിതമായ പ്രാർത്ഥന മതിയാകും.

മാറ്റങ്ങൾക്ക് അതീതനായി ഏതു കാലഘട്ടത്തിലും വിശ്വസിക്കുവാനും ആശ്രയിക്കുവാനും കഴിയുന്ന ഈ യേശുക്രിസ്തുവിനെയാണ് ദൈവം നമുക്കായി GOAT – Greatest of All Time – ആയി അവതരിപ്പിച്ചിരിക്കുന്നത്. വിശ്വസിക്കുവാനും ആശ്രയിക്കുവാനും അനുഗമിക്കുവാനും യോഗ്യതയുള്ള ഈ ഹീറോയെ കണ്ടെത്തുന്നവരാണ് യഥാർത്ഥ ജീവിത വിജയം കണ്ടെത്തുന്നവർ.

LEAVE A REPLY

Please enter your comment!
Please enter your name here