ഞങ്ങള്‍ വിശ്വസിക്കുന്നത്

താഴെ പറയുന്ന കാര്യങ്ങള്‍ ഞങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന അടിസ്ഥാന വേദോപദേശ സത്യങ്ങളാണ്.

ദൈവ വചനമായ ബൈബിളിന്റെ ആധികാരികതയും കൃത്യതയും

“എല്ലാ തിരുവെഴുത്തും ദൈവനിശ്വാസീയമാണ്” – ബൈബിളില്‍ കാണുന്ന എല്ലാ വാക്യങ്ങളും, ഓരോ വാക്യവും, ഒരുപോലെ ദൈവ നിശ്വസ്തമാകുന്നു. യതാര്‍ത്ഥ കൈയെഴുത്ത് പ്രതികള്‍ ഒന്നുപോലും ഏതെങ്കിലും രീതിയിലുള്ള തെറ്റ് കടന്നു കൂടാത്ത ദൈവ വചനമാണ്. (1 കൊരിന്ത്യര്‍ 2:13, 2 തിമോത്തി 3:16)

ദൈവത്തിന്റെ ത്രീയേക വ്യക്തിത്വം

‘പിതാവ്’ ‘പുത്രന്‍’ ‘പരിശുദ്ധാത്മാവ്’ എന്നിങ്ങനെ സ്വഭാവത്തിലും, ഗുണ ഗണങ്ങളിലും, പൂര്‍ണതയിലും തുല്യരായ മൂന്നു വ്യത്യസ്ത വ്യക്തിത്വങ്ങള്‍ ചേര്‍ന്നു സാരാംശത്തില്‍ ഒന്നായി നിത്യനായി നിലകൊള്ളുന്നവാനാണ് ദൈവം. (മത്തായി 28:18-19, 2 കൊരിന്ത്യര്‍ 13:13)

യേശു ക്രിസ്തുവിന്റെ സമ്പൂര്‍ണ ദൈവത്വവും മനുഷ്യത്വവും

കന്യകയിലൂടെ ജന്മമെടുത്ത യേശു ക്രിസ്തുവിനു പാപരഹിതമായ മനുഷ്യ സ്വഭാവവും ശരീരവും ലഭിച്ചു. ജീവിതത്തിലുടനീളം പാപം ചെയ്യാത്ത, ഒരു മനുഷ്യന്‍ ആയിരുന്ന യേശു ക്രിസ്തു, ഒരേ സമയം പൂര്‍ണ മനുഷ്യനും പൂര്‍ണ ദൈവവും ആയി നിലകൊണ്ടു (ലൂക്കോസ് 2:40, യോഹന്നാന്‍ 1:1-2, ഫിലിപ്യര്‍ 2:5-8)

സകല മനുഷ്യരും പാപികള്‍ ആണ്.

ആദ്യ മനുഷ്യന്‍ ദൈവത്തിന്റെ സ്വന്ത സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണ്. എന്നാല്‍ പാപം ചെയ്തത് മുഖാന്തരം അവന്‍ ആത്മീയമായി ജീവന്‍ നഷ്ടപ്പെട്ടു അതിക്രമങ്ങളിലും പാപങ്ങളിലും മരിച്ച അവസ്ഥയില്‍ പിശാചിന്റെ അടിമത്വത്തില്‍ ആയിത്തീര്‍ന്നു. ഈ അവസ്ഥ സകല മനുഷ്യരിലേക്കും പകരപ്പെടുന്നു. പാപരഹിതനായി ജന്മം കൊണ്ട കര്‍ത്താവായ യേശു ഒഴികെ, ലോകത്തില്‍ ജനിച്ച സകല മനുഷ്യരും ജന്മനാ തന്നെ ദൈവ കൃപയില്‍ നിന്നും അകന്നു പാപ സ്വഭാവവും, തത്ഫലമായി ആത്മീയ മരണവും ഉള്ളവരായി തീര്‍ന്നിരിക്കുന്നു. (ഉല്പത്തി 1:26, റോമര്‍ 3 :10 -19, 8:6-7, എഫെസ്യര്‍ 2:1-3)

യേശു ക്രിസ്തുവിന്റെ പ്രതിപകര, പ്രായശ്ചിത്ത, ശാരീരിക മരണവും ഉയിര്‍പ്പും.

യേശു ക്രിസ്തു നമുടെ പാപത്തിനു പ്രായശ്ചിത്തമാകുന്നതിനു വേണ്ടി സ്വന്തം ശരീരത്തില്‍ മരണം അനുഭവിക്കുകയും അതേ ശരീരത്തില്‍ തന്നെ മഹത്വീകരിക്കപ്പെട്ടവനായി തിരികെ ജീവിച്ചു ഉയിര്‍ത്തു വരികയും ചെയ്തു. ഇതേ മഹത്വീകരിക്കപ്പെട്ട ശരീര ഘടനയാണ് വിശ്വാസികള്‍ക്ക് പുനരുദ്ധാന ശേഷം ലഭ്യമാകുക. (യോഹന്നാന്‍ 20:20, ഫിലിപ്യര്‍ 3:20-21 )

യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ മാത്രം ലഭിക്കുന്ന ആത്മരക്ഷ.

വീണ്ടും ജനനം പ്രാപിച്ചിട്ടല്ലാതെ ആര്‍ക്കും ദൈവ രാജ്യത്തില്‍ (സ്വര്‍ഗത്തില്‍) പ്രവേശനം ലഭിക്കുകയില്ല. ഏതെങ്കിലും നിലയില്‍ ഒരു വ്യക്തിക്കുള്ള കഴിവോ യോഗ്യതയോ അവനെ സ്വര്‍ഗം നേടുവാന്‍ സഹായിക്കുകയുമില്ല. എന്നാല്‍ സ്വര്‍ഗീയമായ ഒരു പുതിയ ജീവനും സ്വഭാവവും – തന്റെ വചനത്താല്‍ വീണ്ടും ജനിക്കുന്നതിലൂടെ – ദൈവത്തിന്റെ പരിശുദ്ധാത്മാവ് അവനു നല്കിക്കൊടുക്കയും അവനെ നിത്യ രക്ഷയ്ക്കും സ്വര്‍ഗത്തിനും അവകാശിയാക്കുകയും ചെയ്യുന്നു. ഈ പുതിയ ജീവിതം – വീണ്ടും ജനനം – യേശു ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ മാത്രമേ സാധിക്കുകയുള്ളൂ. (യോഹന്നാന്‍ 3:17-18, റോമര്‍ 3: 6-9)

ആത്മരക്ഷയുടെ ഉറപ്പ്.

കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വാസം അര്‍പ്പിച്ചു അവനെ കര്‍ത്താവും രക്ഷിതാവും ആയി അംഗീകരിച്ചു, ആത്മീയ പുനര്‍ജനനവും ജീവനും പ്രാപിച്ച ഒരു വ്യക്തി ആ നാളില്‍ തന്നെ ആത്മാവിന്റെ സമ്പൂര്‍ണ്ണ രക്ഷ പ്രാപിച്ചു എന്നത് ദൈവിക വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ ഉറപ്പാക്കപ്പെട്ടിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യം ആകുന്നു. (ലൂക്കോസ് 10:20, 2 കൊരിന്ത്യര്‍: 5:1, 6-8)

വിശ്വാസിച്ചവര്‍ ഏല്‍ക്കേണ്ട ജലസ്നാനം :

യേശുക്രിസ്തുവിനെ കര്‍ത്താവായി ഏറ്റുപറഞ്ഞു സ്വീകരിച്ചവര്‍ യേശുക്രിസ്തു കല്പിച്ചതു പോലെയും, അപ്പോസ്തോലന്മാര്‍ പഠിപ്പിച്ച പോലെയും ഉള്ള പരിപൂര്‍ണ്ണ മുഴുകള്‍ സ്നാനം ഏല്‍ക്കേണം എന്നത് അതി പ്രധാനമാണ്. (മത്തായി 28:19, അപ്പോസ്തോല പ്രവൃത്തികള്‍ 2:41)

യേശു കിസ്തുവിന്റെ മധ്യസ്ഥത:

ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ മദ്ധ്യസ്ഥന്‍ കര്‍ത്താവായ യേശു ക്രിസ്തു മാത്രമാണ്. മറ്റാര്‍ക്കും അതിനുള്ള യോഗ്യതയില്ല. (1 തിമോത്തി 2:5)

വിശ്വാസികളുടെ മാതൃകാ ജീവിതം

ക്രിസ്തു വിശ്വാസികള്‍ വിശുദ്ധ ജീവിതത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു. ജഡത്തിനും വികാരങ്ങള്‍ക്കും അടിമപ്പെടാതെ തങ്ങളില്‍ വസിക്കുന്ന ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരായി ദൈവത്തിന്റെ ഇഷ്ടം നിവര്‍ത്തിച്ചു കൊണ്ട് ജീവിക്കേണ്ടവരത്രേ അവര്‍. (റോമര്‍: 6:11-13, 8:2, 4, 12-13, ഗലാത്യര്‍ : 5:16-23)

യേശു ക്രിസ്തുവിന്റെ മടങ്ങി വരവ്:

കര്‍ത്താവായ യേശു താന്‍ പോയത് പോലെ തന്നെ – ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ ഉണ്ടായിരുന്ന അതേ മഹത്വീകരിക്കപ്പെട്ട ശരീരത്തോട് കൂടെ തന്നെ – മടങ്ങി വരുമ്പോള്‍, ഇന്നത്തെ ലോക ഭരണ സംവിധാനം അവസാനിക്കുകയും അവന്‍ യിസ്രായേലിന് സ്വന്തം രാജ്യം സ്ഥാപിക്കുകയും ചെയ്യും അവിടെ സകല ലോകത്തിനും ഭരണാധികാരിയായി ആയിരം വര്‍ഷം വാഴുകയും ചെയ്യും. അന്ന് യിസ്രായേലിനോടുള്ള ദൈവത്തിന്റെ നിത്യ നിയമം പൂര്‍ണമായി നിറവേറുകയും സകല ലോകര്‍ക്കും ദൈവത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ പരിജ്ഞാനം ലഭിക്കുകയും ചെയ്യും. (ആവര്‍ത്തനം: 30: 1-10, യെഹസ്കേല്‍ 37:21-28, മത്തായി 24: 15-25, വെളിപ്പാട്: 20:1-3)

വിശ്വാസികളുടെ ഉയിര്‍പ്പും പ്രതിഫലങ്ങളും:

കര്‍ത്താവായ യേശു ക്രിസ്തുവിന്റെ രണ്ടാം വരവില്‍ അവനില്‍ വിശ്വസിച്ചു മരിച്ചു പോയ വിശുദ്ധന്മാര്‍ ഉയിര്തെഴുന്നെല്‍ക്കുകയും ജീവനോടെ ശേഷിക്കുന്ന വിശ്വാസികള്‍ രൂപാന്തരപ്പെടുകയും ചെയ്തു അവര്‍ ഒരുമിച്ച് മദ്ധ്യാകാശത്തില്‍ കര്‍ത്താവിന്റെ സന്നിധിയിലെയ്ക്ക് എടുക്കപ്പെടുകയും ചെയും. അവിടെ അവരവര്‍ ഭൂമിയില്‍ ആയിരുന്നപ്പോള്‍ ചെയ്തതിനു തക്കവണ്ണം പ്രതിഫലം പ്രാപിക്കുകയും ചെയ്യും. (1 തെസ്സലോനിക്യര്‍ 4:16-17, 2 കൊരിന്ത്യര്‍ 5:10)