ക്രൂശ് നിന്ദയുടെയും പരിഹാസത്തിന്റെയും വേദനയുടെയും ചിഹ്നമാണ്. ഐശ്വര്യവും സ്ഥാനമാനങ്ങളും പ്രതീക്ഷിക്കുന്നവര്‍ക്ക് അതൊരു ഭൂഷണമല്ല. പ്രതികൂലം വരുമ്പോള്‍ അവരതിനെ തള്ളിക്കളയും. എന്നാല്‍ യഥാര്‍ത്ഥ വിശ്വാസി തനിക്കുള്ള സകല കഷ്ട നഷ്ടങ്ങളോടും കൂടെ കര്‍ത്താവിനെ സ് നേഹിക്കുകയും അവസാനം വരെ അനുഗമിക്കുകയും ചെയ്യും.
കര്‍ത്താവായ യേശു ക്രിസ്തു പറഞ്ഞു: “എന്നെ അനുഗമിപ്പാന്‍ ഒരുത്തന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ നിഷേധിച്ചു നാള്‍തോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.” (ലൂക്കോസ് :9:23). ക്രൂശുമായി ഒരുവന്‍ നടന്നു നീങ്ങുന്നത് മരണത്തിലേക്കാണ്. ലോക സുഖങ്ങള്‍ക്ക് മരിച്ചവരായി ദൈവത്തിനു സമര്‍പ്പിക്കപ്പെട്ടവരായി സൌരഭ്യം വിടര്‍ത്തുന്ന ഒരു യാഗമായി എരിഞ്ഞു തീരുവാന്‍ അവന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു!
ഈ കര്‍ത്താവിനെ കൂടാതെ ആരെങ്കിലും തങ്ങളുടെ ജീവിതം ഈ ലോകത്തില്‍ കെട്ടിപ്പടുക്കുവാന്‍ ആഗ്രഹിച്ചാല്‍ അതൊരു ഭോഷത്തമാണ്. “ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും.” (ലൂക്കോസ് : 9:24).
ക്രിസ്തു യേശുവിലൂടെ മാത്രമുള്ള നിത്യജീവന്‍ പ്രാപിച്ച ഒരാള്‍ ദൈവ രാജ്യത്തിന്റെ ശക്തി ഈ ലോക ജീവിതത്തില്‍ അനുഭവിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരാള്‍ക്ക് ഈ ലോകത്തിലെ തിക്താനുഭവങ്ങള്‍ ഒരു പ്രശ്നമല്ല. അവര്‍ സമൃദ്ധമായ ആത്മീയ ജീവന്റെ അനുഭവത്തിലേക്ക് പടിപടിയായി മുന്നേറുന്നു. ദിനം തോറും തങ്ങളുടെ ക്രൂശുമേന്തി.. ക്രൂശിതന്റെ സാക്ഷിയായി..
നിത്യ ജീവന്റെ സന്തോഷം കവിഞ്ഞു ഒഴുകുന്നത് ക്രൂശിന്റെ അനുഭവത്തിലൂടെയാണ്. അനുഗമിക്കാന്‍ ആത്യന്തിക മാതൃകയായ കര്‍ത്താവിന്റെ ക്രൂശനുഭവം നമുക്ക് ചൂട് പകരട്ടെ.. പീഡാനുഭവങ്ങളിലൂടെ കടന്നു പോയ രക്ഷാനായകനെ സ്മരിക്കുന്ന ഈ ഗാനം അതിനു നമ്മെ സഹായിക്കും..!!
മരക്കുരിശേന്തി അതിൽ മരിച്ചിടുവാൻ
അന്നോർശലേം വീഥിയിൽ
സഹനത്തിൻ ദാസനായ് നടന്ന ദേവാത്മജാ
പദപത്മം തഴുകുന്നു ഞാൻ
ദഹനബലിക്കൊരു കുഞ്ഞാടുപോൽ
നരകുല പാപങ്ങൾ ചുമലിലേറ്റി
മലിനത കഴുകുവാൻ കരളിലെ ചെന്നിണം
ചൊരിഞ്ഞു നീ അലിവോടെ
നന്മതൻ മുന്തിരി മലർ വിരിച്ച
പൊൻകരം ആണികൾ ഏറ്റുവാങ്ങി
പുണ്യ ശിരസ്സതിൽ രത്നകിരീടമായ്
കൂർത്തതാം മുള്ളിൻ മുടി ചൂടി