Swargeeya Sankeerthanam | Malayalam Christian Devotional Song | Christmas2024
“ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.” (എഫെസ്യർ 5:18-20)
നന്ദിയും സ്തുതിയും നിറഞ്ഞ ഒരു മനോഭാവം എപ്പോഴും നമുക്ക് ഉണ്ടായിരിക്കേണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. വികാരത്തിന്റെയോ മദ്യത്തിന്റെയോ ഉത്തേജനത്താൽ ലഭിക്കുന്ന ആനന്ദം അതിനു പര്യാപ്തമല്ല. നമ്മുടെ ഹൃദയം ദൈവാത്മാവിന്റെ നിയന്ത്രണത്തിൽ ആയിരിക്കുമ്പോൾ മാത്രമാണ് ഹൃദയം സ്തുതി സ്തോത്രങ്ങളാൽ നിറഞ്ഞു കവിയുന്നത്. അതിനു വീണ്ടും ജനനവും ഹൃദയത്തിന്റെ പുതുക്കവും അത്യാവശ്യമാണ്. അത്തരത്തിൽ ഒരു പുതുക്കപ്പെട്ട ജീവിതത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതിനാണ് യേശുക്രിസ്തു മനുഷ്യനായി വന്നത്. ക്രിസ്തു തന്റെ മരണത്താൽ ക്രൂശിൽ ചൊരിഞ്ഞ രക്തത്താൽ നമുക്ക് പാപമോചനവും വീണ്ടെടുപ്പും ദൈവത്തോടുള്ള സമാധാന ബന്ധവും സമ്മാനിച്ചു. വിശ്വാസത്താൽ അത് സ്വന്തമാക്കാം. യേശുക്രിസ്തുവിനെ കർത്താവായ സ്വീകരിക്കാം. അപ്പോഴാണ് യേശു നമുക്ക് ഓരോരുത്തർക്കും രക്ഷകനാകുന്നത്.
യേശുക്രിസ്തുവിന്റെ ജനവും ജീവിതവും രക്ഷയുടെ സന്ദേശവും ഗാനമായി..
ശ്രീയേശു പിറന്നു ബേത്ലഹേമിൽ
രാജാവു പിറന്നു മണ്ണിൻ മടിയിൽ
സ്വർല്ലോകനാഥൻ വിൺലോകരാജൻ
വന്നല്ലോ ലോകത്തിൻ പൊൻദീപമായ്
ദൂതന്മാർ പാടുന്നു ആമോദമായ്
മണ്ണിനു വിണ്ണിന്റെ സമ്മാനമായ്
ഹാലേലൂയ.. നാം പാടാം
ആത്മാവിൽ നാം പാടാം
സ്വർഗ്ഗീയസങ്കീർത്തനം
ദൈവസ്നേഹത്തിൻ സങ്കീർത്തനം
ആരാവിൽ വയലിൽ ഇടയന്മാർ കൂട്ടം ആമോദപുളകിതരായി
താരങ്ങളേറും നീലാംബരത്തിൽ ദൂതന്മാർ നിരനിരയായ്
അതിമോദം പാടുന്നു തിരുനാമം വാഴ്ത്തുന്നു
സ്തുതിഗീതം ഓതുന്നു രാജാവേ നമിക്കുന്നു
പാപത്തിൻ ഇരുളകറ്റാൻ ഇവൻ ജീവന്റെ പൊൻതാരകം
ശാപത്തിന് വ്യഥനീക്കാൻ സമാധാനത്തിന് വെൺതാരകം
ആത്മാവിൻ മന്നയാം ജീവന്റെ വചനം ലോകത്തിൽ ജഡമണിഞ്ഞു
സ്വർഗീയ കൃപകൾ നീളെ പകർന്നു നമ്മോടു ചേർന്നിരുന്നു
കുരിശോളം താഴുന്നു അതിവേദനയേൽക്കുന്നു
മരണത്തെ പുൽകുന്നു കല്ലറയിൽ ചേരുന്നു
മൂന്നാംനാൾ ഉയിർക്കുന്നു ഘോരമരണത്തെ തകർക്കുന്നു
സ്വർഗ്ഗത്തിലേറുന്നു യേശു കർത്താവായ് വാഴുന്നു.
സ്വർഗീയ ഭവനത്തിൻ വാതിൽ തുറന്നു നിന്നെയും വിളിക്കുന്നു
നിത്യമാം ജീവൻ സൗജന്യമേകാൻ പാപങ്ങൾ ക്ഷമിച്ചീടാൻ
പുൽക്കൂടൊന്നൊരുക്കേണ്ട ദീപങ്ങൾ തെളിക്കേണ്ട
തീർത്ഥങ്ങൾ തേടേണ്ട ബലിപൂജകൾ കഴിക്കേണ്ട
വിശ്വാസം മൂലമല്ലോ രക്ഷ കൃപയാലെ ദാനമല്ലോ
ഹൃദയം തുറന്നിടുമോ? സർവം ഏകി സമർപ്പിക്കുമോ?