ജീവിതം ആഘോഷമാക്കാൻ ശ്രമിക്കുന്നതിനിടയിൽ ജീവിതത്തെ നിയന്ത്രിക്കുന്ന നിരവധി അഡിക്ഷനുകൾക്ക് പലരും അടിമപ്പെട്ടു പോകുന്നു. തിരികെ വരാൻ ആഗ്രഹിച്ചിട്ടും കഴിയാതെ ജീവിതത്തിന്റെ എല്ലാ മേഖലയിലും പരാജയത്തിലേക്ക് നീങ്ങുന്നു. മലയാളികളുടെ ഇടയിൽ ഇന്ന് കണ്ടുവരുന്ന അത്തരം അഡിക്ഷനുകളിൽ ഏറ്റവും പ്രധാനവും അപകടകരവുമാണ് ആൾക്കഹോളിക് അഡിക്ഷൻ. ക്യാൻസറിനേക്കാൾ മാരകമായ പ്രത്യാഘാതങ്ങളുമായി നമ്മുടെ സമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ഈ വിപത്തിനെപ്പറ്റി വേണ്ടത്ര അവബോധവും പ്രതിവിധിക്കു വേണ്ട മാർഗങ്ങളും ഇന്ന് സമൂഹത്തിൽ ഇല്ല എന്നതും ആൾക്കഹോളിക് അഡിക്ഷനെ മലയാളിയെ കാത്തിരിക്കുന്ന ഒരു ദുരന്തം എന്ന് വിശേഷിപ്പിക്കാൻ കാരണമാകുന്നു.
സർവാത്മനാ ദൈവത്തിന്റെ വഴികളെ അന്വേഷിക്കുകയും അറിയുകയും അനുഗമിക്കുകയും ചെയ്യുന്നവനാണ് വിവേകി. സുബോധത്തോടും വിവേകത്തോടും ജീവിക്കാൻ ആവശ്യമായ എല്ലാ കഴിവുകളോടും കൂടെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. അവിടുന്നു അങ്ങനെ തന്നെ ആഗ്രഹിക്കുന്നു. പ്രപഞ്ചത്തിലെ സകലതിനെയും ബുദ്ധികൊണ്ടും ഇച്ഛാശക്തികൊണ്ടും കീഴടക്കി ഭരിക്കുന്ന മനുഷ്യൻ പക്ഷെ തന്റെ നിയന്ത്രണം മറ്റു പലതിനും വിട്ടുകൊണ്ടുന്ന സാഹചര്യം എത്രമാത്രം അപകടകരവും താഴ്ന്ന നിലവാരത്തിൽ ഉള്ളതുമാണെന്നു പറയേണ്ടതില്ലല്ലോ.
അറിയാതെയെങ്കിലും അടിമപ്പെട്ടുപോയ ഒരാളെങ്കിലും തിരികെ വരണം എന്ന ആഗ്രഹത്തോടെ വസ്തുതകളിലൂടെയും അല്പം കണക്കുകളിലൂടെയും.