‘രാജാവായി പിറന്നവൻ എവിടെ?’ ഒരു രാജകൊട്ടാരത്തിന്റെ സുഖ സൌകര്യങ്ങള്‍ക്കൊക്കെ വെളിയില്‍ സാധാരണക്കാരില്‍ സാധാരണക്കാരന്‍ ആയി പിറന്നു വീണൊരു ശിശുവിനെ തേടി വന്നെത്തിയ അന്യദേശക്കാരായ സഞ്ചാരികളുടെ മനസ്സില്‍ മുഴുവന്‍ നിറഞ്ഞു നിന്നൊരു ചോദ്യം അതായിരുന്നു.. വിണ്ണില്‍ തെളിഞ്ഞ ദിവ്യ നക്ഷത്രത്തെ നോക്കി ദൂരെ നിന്നും യാത്ര പുറപ്പെടുമ്പോഴും അവരുടെ ആഗ്രഹം അതായിരുന്നു… ആ രാജരാജനെ ഒന്ന്‍ കാണണം, ആരാധിക്കണം!
ഒരു രാജജനനത്തെയാണ് വിണ്ണിലെ നക്ഷത്രം അവരോടു പറഞ്ഞത്. അത് ഒരു സാധാരണ രാജാവ് അല്ലെന്നും അവര്‍ക്ക് മനസിലായിരുന്നു. അതുകൊണ്ടാണ് അവര്‍ നമസ്കരിക്കാന്‍ (ആരാധിക്കാന്‍) വേണ്ടി ഒരുക്കത്തോടെ വന്നത് – അതെ! അത് ദൈവപുത്രന്റെ ജനനം എന്ന് അവര്‍ക്ക് വ്യക്തമായിരുന്നു! കേവലം ഒരു ഉണ്ണിയെ കാണാനോ താലോലിക്കാനോ വേണ്ടി ആയിരുന്നില്ല അവര്‍ അത്ര ദൂരം വന്നത്, ദൈവത്തെ ആരാധിക്കാന്‍ ആയിരുന്നു!
യേശുക്രിസ്തുവിന്റെ ദൈവത്വം ജനനത്തിങ്കല്‍ തന്നെ തെളിവാക്കപ്പെട്ട ഒരു വസ്തുതയായിരുന്നു. ജ്ഞാനികള്‍ ആയ അവര്‍ക്ക് പ്രത്യേകമായി ലഭിച്ച വെളിപ്പാടിലൂടെ വെളിപ്പെട്ട അതേ സത്യം ആണ് ക്രിസ്മസ് വേളയില്‍ നാം മനസിലാക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നത്. ക്രിസ്തുവിന്റെ ജനനത്തിന്റെ പിന്നിലെ ദൈവികലക്‌ഷ്യം എന്തെന്ന് അന്വേഷിക്കുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യുന്നത്. യേശുക്രിസ്തുവിന്റെ ജനനത്തിന്റെ ഉദ്ദേശം എന്തായിരുന്നു?
ഒരു സാധാരണ മനുഷ്യനെ പോലെ ജീവിച്ചു മരിക്കുക എന്നത് ആയിരുന്നില്ല സ്വര്‍ഗ്ഗത്തിനും ഭൂമിക്കും മേല്‍ അധികാരം ഉള്ള ദൈവം ആയ യേശു മനുഷ്യാവതാരം ചെയ്തതിന്റെ ലക്ഷ്യം. മനുഷ്യന്റെ ആത്മീക അവസ്ഥയ്ക്കുള്ള മാറ്റം, അഥവാ നിത്യജീവന്‍ നല്‍കുകയായിരുന്നു ആ ലക്‌ഷ്യം. ഇത് തന്റെ ജനനത്തിനു മുന്‍പേ തന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നതും ആയിരുന്നു.
മനുഷ്യരുടെ പാപങ്ങള്‍ക്ക് എന്നേക്കും ആയ ഒരു പരിഹാരം വരികയായിരുന്നു ആ ദൈവികമായ നിത്യജീവന്‍ മനുഷ്യരില്‍ പകരപ്പെടുവാന്‍ ആദ്യം ആവശ്യമായിരുന്നത്. അതുകൊണ്ട് നമ്മുടെ പാപങ്ങള്‍ക്ക് ഏറ്റെടുത്തുകൊണ്ട് സ്വയം യാഗമായി മരിക്കുന്നതിനു വേണ്ടിയാണ് ദൈവം യേശുക്രിസ്തു എന്ന മനുഷ്യനായി ജഡാവതാരം ചെയ്തത്. ആ ദൌത്യം പൂര്‍ത്തീകരിച്ച യേശു, തന്റെ ദൈവത്വം തെളിയിച്ചുകൊണ്ട് ഉയിര്‍ത്തെഴുന്നേറ്റു.
ഇന്ന് ഈ കര്‍ത്താവായ യേശുവിനെ വിശ്വസിച്ചുകൊണ്ടു അനുഗമിക്കുവാന്‍ തീരുമാനിക്കുന്ന ഏതു മനുഷ്യര്‍ക്കും അനന്തതയോളം നിലനില്‍ക്കുന്ന നിത്യജീവനും പാപമോചനവും നരക ശിക്ഷയില്‍ നിന്നുള്ള വിടുതലും സൌജന്യമായി നല്‍കുവാന്‍ ദൈവം ആഗ്രഹിക്കുന്നു! ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുക എന്നതിലും എന്നേയ്ക്കും ക്രിസ്തുവിനോടോപ്പം ആകുക എന്നതാണ് ദൈവം ആഗ്രഹിക്കുന്നത്. ഈ സുവാര്‍ത്ത വിളംബരം ചെയ്യുന്നതാണ് ഒരു ശരിയായ ക്രിസ്മസ് സന്ദേശം!!
സ്വര്‍ഗത്തിലെ ദൈവത്തിനു താങ്കള്‍ക്ക് നല്‍കുവാന്‍ കഴിയുന്ന ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമായ കര്‍ത്താവായ യേശുക്രിസ്തുവുമായി താങ്കളുടെ ബന്ധം ഇന്ന് എന്ത് എന്നൊന്ന് ചിന്തിക്കുമോ?