കന്യകയില്‍ ജാതനായ ഉണ്ണിയേശുവിനെക്കുറിച്ച് വെളുക്കുവോളം പാടി നടക്കുന്ന കരോള്‍ സംഘങ്ങളെ കണ്ടിട്ടില്ലേ.. പശുത്തൊഴുത്തില്‍ ശീലകള്‍ പൊതിഞ്ഞു ആട്ടിടയന്മാരുടെ വന്ദനം ഏറ്റു വാങ്ങി ശയിക്കുന്ന കൊച്ചു ശിശുവിന്റെ രൂപവും കൈകളിലേന്തിയാണവരുടെ യാത്ര..
ഒരു കന്യകയിലൂടെ ജന്മമെടുത്ത ‘ദൈവ ഉണ്ണി’ എന്ന രീതിയിലാണ് യേശുവിനെ അവര്‍ കാണുന്നതും പാടുന്നതും കൊണ്ടാടുന്നതും. എന്നാല്‍ അതിലൊക്കെയും എത്രയോ അപ്പുറമാണ് യഥാര്‍ത്ഥ്യം! – സത്യ ദൈവവും നിത്യ ജീവനുമായ അത്യുന്നതനായ ദൈവത്തിന്റെ മനുഷ്യാവതാരം എന്ന നിസ്തുല സത്യം!!
ബൈബിളിലെ അടിസ്ഥാന ഉപദേശങ്ങളില്‍ ഒന്നാണ് യേശു ക്രിസ്തുവിന്റെ ദൈവത്ത്വം. കര്‍ത്താവായ യേശു ക്രിസ്തു സമ്പൂര്‍ണ ദൈവവും അതേ സമയം പൂര്‍ണമായും മനുഷ്യനും ആയിരുന്നു എന്നു ദൈവ വചനം പഠിപ്പിക്കുന്നു. സകലാധികാരത്തോടും കൂടെ വാഴുന്ന ദൈവമായിരിക്കുന്ന അതേ സമയം തന്നെ ഒരു മനുഷ്യ രൂപം കൈക്കൊണ്ടു നമ്മെപ്പോലെ തന്നെ ഒരു വ്യക്തിയായി ഭൂമിയില്‍ അവതരിച്ചവനാണ് കര്‍ത്താവായ യേശു ക്രിസ്തു. സ്വര്‍ഗസ്ഥനായ ദൈവം എങ്ങനെയുള്ളവന്‍ എന്നു നമുക്ക് മനസിലാകുന്ന നിലയില്‍ വെളിപ്പെടുത്തിയത് സ്വയം ഒരു മനുഷ്യനായി വന്നുകൊണ്ടായിരുന്നു.
മനുഷ്യരോടുള്ള ദൈവത്തിന്റെ അരുളപ്പാടുകള്‍ കാലങ്ങളായി പ്രവാചകന്മാരിലൂടെ ദൈവം അല്പാല്പമായി നല്കിക്കൊടുത്തു. ഒടുവില്‍ എല്ലാ വെളിപ്പാടുകളുടെയും സംപൂര്‍ത്തിയായി താന്‍ തന്നെ അവര്‍ക്ക് വെളിപ്പെട്ടു. ദൈവം എങ്ങനെയുള്ളവന്‍ എന്നും അവിടുന്ന് മനുഷ്യരോടെ എങ്ങനെ ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നും ദൈവത്തിന്റെ പ്രമാണങ്ങളും നിലവാരവും എങ്ങനെയുള്ളതെന്നും എല്ലാം മനുഷ്യര്‍ക്ക് മനസിലാകുന്ന വിധത്തില്‍ കാണിച്ചു കൊടുത്തത് താന്‍ തന്നെ ഒരു മനുഷ്യ വേഷം കൈക്കൊണ്ടു കൊണ്ടാണ്. ഈ മനുഷ്യ രൂപത്തില്‍ വസിക്കുമ്പോള്‍ തന്നെ അവിടുന്ന് സാക്ഷാല്‍ ദൈവം ആയിരുന്നു. അതായത്, യേശുക്രിസ്തു ദൈവത്തിന്റെ ഒരു പ്രതിനിധിയായ മനുഷ്യനല്ല, സമ്പൂര്‍ണ ദൈവത്തിന്റെ സമ്പൂര്‍ണ വെളിപ്പാട്.. – സാക്ഷാല്‍ അവതാരം – തന്നെ ആയിരുന്നു ..
ഈ വെളിപ്പാടിനു ദൈവം ഉപയോഗിച്ച മാനുഷിക മാധ്യമം ആയിരുന്നു മാറിയ. കന്യകയായിരുന്നപ്പോള്‍ തന്നെ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ ഗര്‍ഭവതിയായ മറിയയില്‍ ജന്മമെടുത്തത് സാക്ഷാല്‍ ജഗദീശ്വരനായിരുന്നു. പാപത്തിന്റെ സ്വാധീനമോ മാനുഷീക ബന്ധങ്ങളോ ഇല്ലാത്ത ‘ദൈവത്തിന്റെ മുള’ അവളില്‍ നാമ്പിട്ടു. ക്രിസ്തുവിന്റെ മനുഷ്യവതാരത്തിന്റെ ഒരു അതുല്യമായ സവിശേഷതയാണ് കന്യകാജനനം.
അപരിമേയനായ ദൈവം പരിമിതികള്‍ ഉള്ള ഒരു മനുഷ്യ ശരീരത്തിനുള്ളില്‍ കുടികൊണ്ടു കൊണ്ടു ഒരു മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാ മാനുഷിക പരിമിതികളും ബുദ്ധിമുട്ടുകളും സഹിച്ചുകൊണ്ട് മനുഷ്യരോട് കൂടെ അവിടുന്ന് താമസിക്കുകയും ഇടപെടുകയും ചെയ്തത് എത്രമാത്രം ക്ലേശകരമായിരുന്നുവെന്ന് നാം ഓര്‍ക്കാറുണ്ടോ? അപ്പോള്‍ തന്നെയും ഒരു സാധാരണ മനുഷ്യന്‍ അനുഭവിക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടും പ്രശ്നങ്ങളും സഹിച്ചവനായിരുന്നു കര്‍ത്താവ്.. ഈ ഉള്‍ക്കാഴ്ച നമുക്കുണ്ടെങ്കില്‍ അവിടുത്തെ കൂടുതല്‍ ഭക്തിയോടെ ആരാധിക്കാന്‍ നമുക്ക് സാധിക്കും.
യേശു ക്രിസ്തുവിന്റെ കന്യകാ ജനനത്തിന്റെ നിസ്തുലത, ഇത്തര മതങ്ങളിലെ അവതാര സങ്കല്‍പ്പങ്ങളുമായുള്ള വ്യത്യാസം, അവതാരത്തിലെ സവിശേഷത തുടങ്ങിയ വിഷയങ്ങളിലേക്ക് ഒരു അവതാരികയാണ് ഈ പ്രഭാഷണം.. ക്രിസ്മസിന്റെ കേന്ദ്രമായ ക്രിസ്തുയേശുവിനെ കൃത്യമായി മനസിലാക്കുവാന്‍ നമ്മുടെ ഉള്‍ക്കണ്ണുകള്‍ ദൈവം ഇന്നു തുറന്നിരുന്നെങ്കില്‍..
ഓഡിയോ ശ്രവിക്കാം, സന്ദേശം: ഡോ: ജോൺസൻ സി ഫിലിപ്പ്