സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം,
പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം!
സ്വാതന്ത്ര്യത്തിനു നാം കല്പിക്കുന്ന വില അതുല്യമാണ്. അതിനു നാം കൊടുത്ത വിലയും അമൂല്യമാണ്.
ഇന്ന് നാം ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. രാഷ്ട്രീയമായി നാം സ്വതന്ത്രരായതിന്റെ ഓർമ. എന്നാൽ ജീവിതത്തിന്റെ എല്ലാ മേഖകളിലും നാം സ്വതന്ത്രരാണോ?
രാഷ്ട്രീയം, സാമൂഹികം, വ്യക്തിപരം, സാമ്പത്തികം, വിദ്യാഭ്യാസം എന്നിങ്ങനെ എല്ലാ മേഖലകളിലും നാം സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു, അനുഭവിക്കുന്നു, അടിമത്തം ചെറുത്തു തോൽപിപ്പിക്കുന്നു. അതിലുമുപരിയായി പ്രാധാന്യം അർഹിക്കുന്ന ഒരു മേഖലയാണ് ആത്മീയം. ആഗോളവ്യാപകമായി മനുഷ്യരെ എല്ലാവരെയും ഒരുപോലെ അടിമപ്പടുത്തിയിരിക്കുന്ന പാപ സ്വഭാവത്തിന്റെ അടിമത്തത്തെകുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. ആത്മീയ സ്വാതന്ത്ര്യം – അതിനിയും നേടിയിട്ടില്ലെങ്കിൽ, പാപത്തിന്റെയും അതിന്റെ പരിണിതഫലമായ മരണത്തിന്റെ വ്യാപ്തിയെക്കുറിച്ചും അതിൽനിന്നുള്ള മോചനത്തെക്കുറിച്ചും ഒരു വിചിന്തനം ഇത്തരുണത്തിൽ അഭികാമ്യമാണ്.
“സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” എന്ന യേശുക്രിസ്തുവിന്റെ വാക്കുകൾ (യോഹന്നാൻ 8:32) ഇവിടെ പ്രതീക്ഷ നൽകുന്നു. “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു” (യോഹന്നാൻ 14:6) എന്നവകാശപ്പെട്ട കർത്താവ് പാപമോചകനും നിത്യജീവദാതാവും ആകുന്നു. മരണത്തിൽ നിന്നും പാപത്തിൽ നിന്നും സ്വാതന്ത്രം അവനിൽ വിശ്വസിക്കുന്നതിലൂടെ ലഭിക്കുന്നു.
സത്യം അറിയുവാനും സത്യത്തെ അനുഗമിക്കുവാനും ദൈവം ഓരോരുത്തരെയും സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്വാതന്ത്ര്യദിനാശംസകൾ.
സന്ദേശം: ജോർജ് കോശി മൈലപ്ര.