ക്രൂശിക്കപ്പെട്ട യേശുവിനെ കല്ലറയില്‍ അടക്കിയതിന്റെ മൂന്നാം ദിനം. ലോക ചരിത്രത്തെ ഞെട്ടിച്ച അതുല്യമായ ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് യെരുശലെമില്‍ അതാ ഒരു തുറന്ന കല്ലറ. മാനുഷിക ബന്ധനങ്ങളെ തകര്‍ത്തെറിഞ്ഞു കൊണ്ട് സര്‍വശക്തന്‍ കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു!
ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയ സകലര്‍ക്കും മേല്‍ തനിക്ക് ഉള്ള അധികാരം (കര്‍തൃത്വം) പരസ്യമായി പ്രഖ്യാപിക്കുന്നതായിരുന്നു യേശുവിന്‍റെ ഉയിര്‍പ്പ്. മരിച്ചവരുടെ ഉയിര്‍പ്പും പാപികള്‍ക്കുള്ള ന്യായവിധിയും യഥാര്‍ത്ഥ്യം ആണെന്ന് ഉറപ്പിക്കുന്ന പ്രഖ്യാപനം. യേശുക്രിസ്തു കര്‍ത്താവ് എന്ന് സര്‍വലോകത്തിനും ഉള്ള സാക്ഷ്യം! ഈ സത്യം നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?
യേശുവിന്‍റെ കര്‍തൃത്ത്വത്തെയും ദൈവത്വത്തെയും നിഷേധിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവര്‍ അവിടുന്ന് ക്രൂശിക്കപ്പെട്ടിട്ടില്ല എന്നും മരിച്ചിട്ടില്ല എന്നും ആക്ഷേപിക്കുന്നത് പോലെ, ഉയിര്‍പ്പും ഒരു കഥയാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ ആരോപണം അന്ന് മുതല്‍ തന്നെ ഉണ്ട്. അതേ സമയം പ്രസക്തി ഇല്ലാത്ത ആരോപണങ്ങള്‍ മാത്രമാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ലളിതമായും വ്യക്തമായും തെളിയിക്കാവുന്നതും ആണ്. യേശുക്രിസ്തുവിന്‍റെ ഉയിര്‍പ്പും അനുബന്ധസംഭവങ്ങളും അതിനു പിന്നിലെ ദൈവശാസ്ത്രവുമാണ് കുരിശറിവുകളുടെ അവസാന ഭാഗത്ത്.