ബെത്ലഹേമും പുൽത്തൊഴുത്തും ആട്ടിടയന്മാരും നക്ഷത്രവുമെല്ലാം വീണ്ടും വിരുന്നെത്തുന്ന ഈ വേളയിൽ രക്ഷകന്റെ ദിവ്യ അവതാരത്തെ ഓർക്കുവാനും അതിന്റെ ദിവ്യ ഉദ്ദേശത്തെ അറിയുവാനും നിത്യജീവൻ നൽകുന്ന സന്ദേശത്തെ സ്വീകരിക്കുവാനും അവിടുത്തെ അനുഗമിക്കുവാനും ഒരു ഓർമ്മപ്പെടുത്തൽ കൂടി..
ക്രിസ്തുമസിന്റെ അർഥം എന്ത്?
ആഘോഷിക്കാൻ എല്ലാവർക്കും കാരണങ്ങൾ ഉണ്ട്. എന്തെങ്കിലും കാര്യമില്ലാതെ ആരും ഒന്നും ചെയ്യുന്നില്ല. പക്ഷെ, നാം ചെയ്യുന്ന എല്ലാകാര്യങ്ങളും അർത്ഥപൂർണമാണോ? അല്ല, അത് നമുക്കറിയുകയും ചെയ്യാം. എന്നാൽ ഈ ക്രിസ്തുമസ് വേളയിൽ ആഘോഷങ്ങളിൽ ആനന്ദം തേടുമ്പോൾ ക്രിസ്തുമസിന്റെ അർഥം എന്താണെന്ന് നിങ്ങൾ അറിയാതെ പോകരുത് എന്ന് ദൈവം ആഗ്രഹിക്കുന്നു. എന്താണത്?
യേശുക്രിസ്തുവിന്റെ മനുഷ്യാവതാരം
കന്യകയില്‍ ജാതനായ ഉണ്ണിയേശുവിനെക്കുറിച്ച് വെളുക്കുവോളം പാടി നടക്കുന്ന കരോള്‍ സംഘങ്ങളെ കണ്ടിട്ടില്ലേ.. പശുത്തൊഴുത്തില്‍ ശീലകള്‍ പൊതിഞ്ഞു ആട്ടിടയന്മാരുടെ വന്ദനം ഏറ്റു വാങ്ങി ശയിക്കുന്ന കൊച്ചു ശിശുവിന്റെ രൂപവും കൈകളിലേന്തിയാണവരുടെ യാത്ര..
ഒരു കന്യകയിലൂടെ ജന്മമെടുത്ത ‘ദൈവ ഉണ്ണി’ എന്ന രീതിയിലാണ് യേശുവിനെ അവര്‍ കാണുന്നതും പാടുന്നതും കൊണ്ടാടുന്നതും. എന്നാല്‍ അതിലൊക്കെയും എത്രയോ അപ്പുറമാണ് യഥാര്‍ത്ഥ്യം! – സത്യ ദൈവവും നിത്യ ജീവനുമായ അത്യുന്നതനായ ദൈവത്തിന്റെ മനുഷ്യാവതാരം എന്ന നിസ്തുല സത്യം!!
ബൈബിളിലെ അടിസ്ഥാന ഉപദേശങ്ങളില്‍ ഒന്നാണ് യേശു ക്രിസ്തുവിന്റെ ദൈവത്ത്വം. കര്‍ത്താവായ യേശു ക്രിസ്തു സമ്പൂര്‍ണ ദൈവവും അതേ സമയം പൂര്‍ണമായും മനുഷ്യനും ആയിരുന്നു എന്നു ദൈവ വചനം പഠിപ്പിക്കുന്നു. സകലാധികാരത്തോടും കൂടെ വാഴുന്ന ദൈവമായിരിക്കുന്ന അതേ സമയം തന്നെ ഒരു മനുഷ്യ രൂപം കൈക്കൊണ്ടു നമ്മെപ്പോലെ തന്നെ ഒരു വ്യക്തിയായി ഭൂമിയില്‍ അവതരിച്ചവനാണ് കര്‍ത്താവായ യേശു ക്രിസ്തു. സ്വര്‍ഗസ്ഥനായ ദൈവം എങ്ങനെയുള്ളവന്‍ എന്നു നമുക്ക് മനസിലാകുന്ന നിലയില്‍ വെളിപ്പെടുത്തിയത് സ്വയം ഒരു മനുഷ്യനായി വന്നുകൊണ്ടായിരുന്നു.
മനുഷ്യരോടുള്ള ദൈവത്തിന്റെ അരുളപ്പാടുകള്‍ കാലങ്ങളായി പ്രവാചകന്മാരിലൂടെ ദൈവം അല്പാല്പമായി നല്കിക്കൊടുത്തു. ഒടുവില്‍ എല്ലാ വെളിപ്പാടുകളുടെയും സംപൂര്‍ത്തിയായി താന്‍ തന്നെ അവര്‍ക്ക് വെളിപ്പെട്ടു. ദൈവം എങ്ങനെയുള്ളവന്‍ എന്നും അവിടുന്ന് മനുഷ്യരോടെ എങ്ങനെ ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നും ദൈവത്തിന്റെ പ്രമാണങ്ങളും നിലവാരവും എങ്ങനെയുള്ളതെന്നും എല്ലാം മനുഷ്യര്‍ക്ക് മനസിലാകുന്ന വിധത്തില്‍ കാണിച്ചു കൊടുത്തത് താന്‍ തന്നെ ഒരു മനുഷ്യ വേഷം കൈക്കൊണ്ടു കൊണ്ടാണ്. ഈ മനുഷ്യ രൂപത്തില്‍ വസിക്കുമ്പോള്‍ തന്നെ അവിടുന്ന് സാക്ഷാല്‍ ദൈവം ആയിരുന്നു. അതായത്, യേശുക്രിസ്തു ദൈവത്തിന്റെ ഒരു പ്രതിനിധിയായ മനുഷ്യനല്ല, സമ്പൂര്‍ണ ദൈവത്തിന്റെ സമ്പൂര്‍ണ വെളിപ്പാട്.. – സാക്ഷാല്‍ അവതാരം – തന്നെ ആയിരുന്നു ..
ഈ വെളിപ്പാടിനു ദൈവം ഉപയോഗിച്ച മാനുഷിക മാധ്യമം ആയിരുന്നു മാറിയ. കന്യകയായിരുന്നപ്പോള്‍ തന്നെ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ ഗര്‍ഭവതിയായ മറിയയില്‍ ജന്മമെടുത്തത് സാക്ഷാല്‍ ജഗദീശ്വരനായിരുന്നു. പാപത്തിന്റെ സ്വാധീനമോ മാനുഷീക ബന്ധങ്ങളോ ഇല്ലാത്ത ‘ദൈവത്തിന്റെ മുള’ അവളില്‍ നാമ്പിട്ടു. ക്രിസ്തുവിന്റെ മനുഷ്യവതാരത്തിന്റെ ഒരു അതുല്യമായ സവിശേഷതയാണ് കന്യകാജനനം.
അപരിമേയനായ ദൈവം പരിമിതികള്‍ ഉള്ള ഒരു മനുഷ്യ ശരീരത്തിനുള്ളില്‍ കുടികൊണ്ടു കൊണ്ടു ഒരു മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാ മാനുഷിക പരിമിതികളും ബുദ്ധിമുട്ടുകളും സഹിച്ചുകൊണ്ട് മനുഷ്യരോട് കൂടെ അവിടുന്ന് താമസിക്കുകയും ഇടപെടുകയും ചെയ്തത് എത്രമാത്രം ക്ലേശകരമായിരുന്നുവെന്ന് നാം ഓര്‍ക്കാറുണ്ടോ? അപ്പോള്‍ തന്നെയും ഒരു സാധാരണ മനുഷ്യന്‍ അനുഭവിക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടും പ്രശ്നങ്ങളും സഹിച്ചവനായിരുന്നു കര്‍ത്താവ്.. ഈ ഉള്‍ക്കാഴ്ച നമുക്കുണ്ടെങ്കില്‍ അവിടുത്തെ കൂടുതല്‍ ഭക്തിയോടെ ആരാധിക്കാന്‍ നമുക്ക് സാധിക്കും.
യേശു ക്രിസ്തുവിന്റെ കന്യകാ ജനനത്തിന്റെ നിസ്തുലത, ഇത്തര മതങ്ങളിലെ അവതാര സങ്കല്‍പ്പങ്ങളുമായുള്ള വ്യത്യാസം, അവതാരത്തിലെ സവിശേഷത തുടങ്ങിയ വിഷയങ്ങളിലേക്ക് ഒരു അവതാരികയാണ് ഈ പ്രഭാഷണം.. ക്രിസ്മസിന്റെ കേന്ദ്രമായ ക്രിസ്തുയേശുവിനെ കൃത്യമായി മനസിലാക്കുവാന്‍ നമ്മുടെ ഉള്‍ക്കണ്ണുകള്‍ ദൈവം ഇന്നു തുറന്നിരുന്നെങ്കില്‍..
ഓഡിയോ ശ്രവിക്കാം, സന്ദേശം: ഡോ: ജോൺസൻ സി ഫിലിപ്പ്
രാജാവായി പിറന്നവന്‍
‘രാജാവായി പിറന്നവൻ എവിടെ?’ ഒരു രാജകൊട്ടാരത്തിന്റെ സുഖ സൌകര്യങ്ങള്‍ക്കൊക്കെ വെളിയില്‍ സാധാരണക്കാരില്‍ സാധാരണക്കാരന്‍ ആയി പിറന്നു വീണൊരു ശിശുവിനെ തേടി വന്നെത്തിയ അന്യദേശക്കാരായ സഞ്ചാരികളുടെ മനസ്സില്‍ മുഴുവന്‍ നിറഞ്ഞു നിന്നൊരു ചോദ്യം അതായിരുന്നു.. വിണ്ണില്‍ തെളിഞ്ഞ ദിവ്യ നക്ഷത്രത്തെ നോക്കി ദൂരെ നിന്നും യാത്ര പുറപ്പെടുമ്പോഴും അവരുടെ ആഗ്രഹം അതായിരുന്നു… ആ രാജരാജനെ ഒന്ന്‍ കാണണം, ആരാധിക്കണം!
മന്നില്‍ വന്ന മഹോന്നതന്‍
ലോകമെങ്ങും ക്രിസ്മസിന്റെ അവസാന സന്തോഷവും നുകരുന്ന തിരക്കിലാണ്.. ഇന്നത്തോടെ തീരുന്നു ഈ സീസണിലെ ഉന്മാദത്തിമിര്‍പ്പുകള്‍.. ഇനി അടുത്ത വര്‍ഷത്തെ ഡിസംബര്‍ വരെ കാത്തിരിക്കണം മറ്റൊരു ക്രിസ്മസിന്.. ഏതായാലും ആഘോഷത്തിന്റെ ചെപ്പുകള്‍ അല്പ സമയത്തിന് ശേഷം പൂട്ടിക്കെട്ടുവാന്‍ പോകുകയാണ്.. അതിനു മുന്‍പ്, ക്രിസ്മസ് നമ്മെ ഓര്‍പ്പിക്കുന്ന അതി പ്രധാന ചില വസ്തുതകളിലേക്കും, അതിന്റെ ഉത്തരത്തിലേക്കും ഒന്നെത്തിനോക്കുവാന്‍ ഈ ദിവസം ഒരല്പ സമയം മാറ്റിവയ്ക്കുമോ?
ബെത്ലഹെമിലെ കാലിത്തൊഴുത്തിലെ ദിവ്യജനനം മുതല്‍ കാല്‍വരി ക്രൂശിലെ അതിഭയങ്കര മരണം വരെയും സമാനതകളില്ലാത്ത വ്യക്തിയായിരുന്നു യേശു ക്രിസ്തു. താന്‍ ജനിച്ചത് പോലെയോ ജീവിച്ചത് പോലെയോ മരിച്ചത് പോലെയോ ലോകത്തില്‍ ഇന്ന് വരെ മറ്റൊരു മനുഷ്യനും ഉണ്ടായിട്ടില്ല.
അവിടുന്ന് ഈ രീതിയില്‍ മനുഷ്യനായി വന്നത് നമ്മുടെ ഓരോരുത്തരുടെയും പാപം കാരണമാണ്. ജനിക്കുമ്പോള്‍ ത്തന്നെ പാപിയായ മനുഷ്യന് അതിന്റെ അനന്തര ഫലമായ മരണവും പിന്നീടു ന്യായവിധിയും നരകം എന്ന നിത്യശിക്ഷയും ഉണ്ടെന്നു ദൈവ വചനം പഠിപ്പിക്കുന്നു. ഇതിനൊരു പരിഹാരം കാണുവാന്‍ മനുഷ്യരില്‍ നിന്ന് ജനിച്ച ഏതു വ്യക്തിക്കും കഴിയുകയില്ല. അതുകൊണ്ടാണ്, പാപമില്ലാത്ത ഒരു ശരീരം സ്വീകരിച്ചു ദൈവം മനുഷ്യനായി വന്നതും നമ്മുടെ പാപങ്ങള്‍ ഏറ്റെടുത്തു കുരിശില്‍ മരിച്ചതും.
മരണം വരെ മാത്രമല്ല, അതിനു ശേഷവും അവിടുത്തെ ചരിത്രം തുടരുന്നു. കല്ലറയില്‍ നിന്ന് സ്വയം ഉയിര്‍ത്തെഴുന്നേറ്റ് സകല ലോകത്തിന്റെയും എന്നേയ്ക്കുമുള്ള അധികാരിയായി – കര്‍ത്താവായി – ഇപ്പോഴും സ്വര്‍ഗത്തില്‍ ജീവിക്കുന്ന നിസ്തുല്യനായ സാക്ഷാല്‍ ദൈവമാണ് യേശു ക്രിസ്തു. കര്‍ത്താവായ ക്രിസ്തുവിന്റെ ഈ ദിവ്യമായ മഹത്വവും സ്ഥാനവും മനസിലാക്കി അംഗീകരിക്കുക എന്നുള്ളതാണ് ഇന്ന് മനുഷ്യരായ ഒരു വ്യക്തികളുടെയും ഉത്തരവാദിത്തം. അതായതു, നിങ്ങളുടെ ജീവിതത്തിന്റെ നാഥനായി, അധികാരമുള്ള വ്യക്തിയായി കര്‍ത്താവായ ക്രിസ്തുവിനെ അംഗീകരിക്കുക.
ദൈവപുത്രന്റെ ഓര്‍മകള്‍ മനസ്സില്‍ നിന്നും കൊടിയിറങ്ങുന്നതിനു മുന്‍പേ, അവിടുത്തെ കര്‍ത്താവായി ഉല്‍ത്തടത്തില്‍ വാഴിക്കുവാന്‍ നിങ്ങള്‍ക്കാവുന്നുവെങ്കില്‍, ഇനിയൊരു ആഘോഷത്തിനു അടുത്ത ക്രിസ്മസ് സീസന്‍ വരെ കാത്തിരിക്കേണ്ടി വരില്ല..
ഇന്ന് നിങ്ങളുടെ പാപങ്ങള്‍ ഏറ്റു പറഞ്ഞു ഈ യേശുവിനെ നിങ്ങളുടെ കര്‍ത്താവായി സ്വീകരിക്കുമങ്കില്‍ അങ്ങനെയുള്ളവരുടെ ഹൃദയങ്ങളില്‍ ജനിക്കുവാന്‍ ദൈവം കാത്തിരിക്കുന്നു.. ഒരു കൈക്കുഞ്ഞായല്ല, ജീവിതത്തിന്റെ സമ്പൂര്‍ണ അധികാരിയായ ദൈവമായി… മരിച്ചാലും അവസാനിക്കാത്ത അനന്ത ജീവന്റെ ജന്മം സൌജന്യമായി നല്‍കുവാന്‍ ദൈവം ഇനിയും കൊതിക്കുന്നു…
പുല്‍ത്തൊഴുത്തും മരക്കുരിശും സ്വീകരിക്കുവാന്‍ അവിടുന്ന് മടികാണിച്ചില്ല.. എത്ര പാപം ചെയ്ത കഠിനഹൃദയവും അവിടുത്തേക്കൊരു അയോഗ്യതയല്ല.. മനസിന്റെ കവാടം നിങ്ങള്‍ തുറന്നു കൊടുക്കുമെങ്കില്‍.. എങ്കിലൊരു പുതു ജനനത്തിന്റെ ദിവസം ഇന്നായിരിക്കട്ടെ.. മുഴുവനായി പുതുക്കപ്പെട്ട ഉള്ളില്‍ നിന്നും പുതിയൊരു ക്രിസ്മസ് ഗാനം ഒഴുകട്ടെ…! അങ്ങനെയെങ്കില്‍, ഒരു യഥാര്‍ത്ഥ ക്രിസ്തു ജനനത്തിന്റെ ചേതനയുള്‍ക്കൊണ്ടു കൊണ്ട് ഈ മനോഹര ഗാനം ഏറ്റു പാടാന്‍ നിങ്ങള്‍ക്കു കഴിയും… സര്‍വശക്തനായ ദൈവം സഹായിക്കട്ടെ..!
മഹോന്നതനേശുവെ നിസ്തുലനാം നാഥനെ
സ്തുതിച്ചു സ്തുതിച്ചു പാടാം
ആരാലും അവര്‍ണ്യമാം അതിശയനാമത്തെ
വന്ദിച്ചു വന്ദിച്ചു വാഴ്ത്താം
കന്യകയില്‍ ജാതനായ് മണ്ണില്‍ വന്ന നാഥനെ
സ്തുതിച്ചു സ്തുതിച്ചു പാടാം
കാലത്തില്‍ അതുല്യനായ് അവതാരം ചെയ്തോനെ
വന്ദിച്ചു വന്ദിച്ചു വാഴ്ത്താം
മൂന്നാം നാളില്‍ കല്ലറ തകര്‍ത്തുയിര്‍ത്തേശുവേ
സ്തുതിച്ചു സ്തുതിച്ചു പാടാം
പാപത്തിന്റെ ശമ്പളമാം മരണത്തെ ജയിച്ചോനെ
വന്ദിച്ചു വന്ദിച്ചു വാഴ്ത്താം
ഗാനരചന: ഫിലിപ്പ് കെ. ആണ്ട്രൂസ്
ജീസസ് ഫിലിമിന് 40 വയസ്
കർത്താവായ യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ചലചിത്രങ്ങളിൽ ശ്രദ്ധേയമായ “ജീസസ്” ഫിലിമിന് 40 വയസു തികഞ്ഞു. ബൈബിളിലെ പുതിയനിയമത്തിലെ ലൂക്കോസ് എഴുതിയ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള സംഭവങ്ങൾ ദൃശ്യാനുഭവത്തിൽ കൊണ്ടുവരുന്നതായിരുന്നു തിരക്കഥ. 1978 ൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന് 1979 ഒക്ടോബർ 19 നായിരുന്നു ആദ്യ പ്രദർശനം.
യേശുവിന്റെ തൃപ്പാദം
ദേവാധി ദേവനും രാജാധി രാജനും ഏഴകൾക്ക് ആശ്രയവുമായ ഒരു ദൈവം, കർത്താവായ യേശുക്രിസ്തു. സ്തുതിക്കുവാനും ആരാധിക്കുവാനും യോഗ്യനായ അവിടുത്തെ എന്റെ ഉൾക്കണ്ണുകൾ കൊണ്ട് കാണുമ്പോൾ ഉയരുന്നത് നന്ദിയുടെ സ്വരങ്ങളാണ്.. പുതിയ ഗാനങ്ങളാണ്.. മനോഹരമായ ഒരു സമർപ്പണ ഗാനം ഇതാ..
യേശുവേ നീ കൂടവേ
സങ്കടസാഗരമാകുന്ന ജീവിതത്തിൽ അലഞ്ഞുഴലുന്ന ഓടങ്ങളാണ് നമ്മൾ ഓരോരുത്തരും. നാളെയെക്കുറിച്ചുള്ള ചിന്ത, രോഗഭാരങ്ങൾ, കണ്ണീരും കയ്പ്പും കലർന്ന മുഹൂർത്തങ്ങൾ, ഇവയെല്ലാം ചേർന്ന് പിറകോട്ടു വലിക്കുന്ന ജീവിത യാനം എങ്ങനെ മുൻപോട്ടു പോകും?
‘എന്താണ് സത്യം?’ പ്രത്യേക ചോദ്യോത്തര പരിപാടി സമാപിച്ചു
ക്രിസ്തീയതയുമായി ബന്ധപ്പെട്ടു ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വസ്തുതാപരമായ മറുപടികൾ നൽകുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കപ്പെട്ട ‘എന്താണ് സത്യം?’ എന്ന പ്രത്യേക ചോദ്യോത്തര പരിപാടി ഒക്ടോബർ 19, 20 തിയതികളിൽ വൈകിട്ട് 5:30 മുതൽ 8 വരെ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ളവർ ശ്രോതാക്കളായി പങ്കുചേർന്നു.
ദൈവം, യേശുക്രിസ്തു, ബൈബിൾ, ക്രിസ്തീയത എന്നീ നാല് പ്രധാന വിഷയങ്ങളെ ആസ്പദമാക്കി ലഭിച്ച ഇരുനൂറോളം ചോദ്യങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് ശ്രീ. ജെയിംസ് വർഗീസ് (റിട്ട. ഐ. എ. എസ്) തിരുവനന്തപുരം, സുവിശേഷകൻ ജോൺ കുര്യൻ കോട്ടയം, പ്രൊഫ. ജോയ് ജോൺ ബാംഗ്ലൂർ എന്നിവർ ഉത്തരങ്ങൾ നൽകി. ജോർജ് കോശി മൈലപ്ര അവതാരകനായിരുന്നു. ജെയ്സൺ ജോർജ് കൊട്ടാരക്കര ഗാനങ്ങൾ ആലപിച്ചു.
ബൈബിളിന്റെ വിശ്വസനീയത, പ്രപഞ്ച സൃഷ്ടി, ദൈവവാസ്തിക്യം, യഹൂദൻ, ദൈവിക പ്രമാണങ്ങൾ, യേശുക്രിസ്തുവിന്റെ ജനനം ജീവിതം, ക്രിസ്തീയ വിശ്വാസത്തിന്റെ പ്രസക്തി, പ്രായോഗികത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അവതരിപ്പിക്കപ്പെട്ടത് അതേക്കുറിച്ച് കൂടുതൽ അറിവ് ലഭിക്കുവാനും സംശയങ്ങൾ ദുരീകരിക്കപ്പെടുവാനും കാരണമായി.
പ്രാർത്ഥിച്ചവർക്കും സഹകരിച്ചവർക്കും നന്ദി അറിയിക്കുന്നതിനോടൊപ്പം ഇത്തരത്തിൽ തുടർന്നും നടത്താൻ ആഗ്രഹിക്കുന്ന പ്രവർത്തനങ്ങളുടെ ഒരു തുടക്കം മാത്രമാണ് ഇതെന്ന് സംഘാടകർ ഓർപ്പിക്കുന്നു. സംശയങ്ങൾ ചോദിക്കുവാൻ ഇനിയും അവസരമുണ്ട്, തുടർന്നുള്ള പരിപാടികളിൽ അവ ഉൾപ്പെടുത്തുന്നതാണ്. ചോദ്യങ്ങൾ വാട്സ്ആപ്പ് വഴി അയക്കാവുന്നതാണ്. നമ്പർ: +91 94472 13777
‘എന്താണ് സത്യം’ പരിപാടിയെക്കുറിച്ച് കൂടുതൽ അപ്‌ഡേറ്റുകൾ ലഭിക്കുന്നതിനും തുടർന്ന് പ്രസിദ്ധീകരിക്കുന്ന വിഡിയോകൾ കാണുവാനും ഒഫിഷ്യൽ ഫേസ്ബുക് പേജ് ലൈക്/ഫോളോ ചെയ്യുക.